Home / Uncategorized / ദേശീയ പണിമുടക്ക് തുടങ്ങി; സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചു

ദേശീയ പണിമുടക്ക് തുടങ്ങി; സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചു

കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ പത്ത് ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സംസ്ഥാനം ഇന്ന് പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക. ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക. കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക. ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക എന്നിങ്ങനെ നീളുന്നു പ്രധാന ആവശ്യങ്ങൾ.

സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കും.

പണിമുടക്ക് ശക്തമായതോടെ പൊതുഗതാഗത സംവിധാനങ്ങൾ സ്തംഭിച്ചേക്കാം. എന്നാൽ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റിയിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *