നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ഘട്ടമെന്നോണം സംസ്ഥാനത്തെ 19 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന്മേൽ ധാരണയായി. സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ ഉൾപ്പെടെ സുപ്രധാനമായ തീരുമാനങ്ങളാണ് പാർട്ടി കൈക്കൊണ്ടിരിക്കുന്നത്. നിലവിലെ എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), എൽദോസ് കുന്നപ്പള്ളി (പെരുമ്പാവൂർ) എന്നിവരെ വീണ്ടും മത്സരിപ്പിക്കണമോ എന്ന കാര്യത്തിൽ മാത്രം പാർട്ടിയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എന്നാൽ തൃപ്പൂണിത്തുറയിലെ സിറ്റിങ് എംഎൽഎ കെ. ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ മുഖം മണ്ഡലത്തിലെത്തും.
പുതുതായി ധാരണയായ പട്ടിക പ്രകാരം പ്രമുഖ നേതാക്കളുടെ വലിയൊരു നിര തന്നെ മത്സരരംഗത്തുണ്ടാകും. വട്ടിയൂർക്കാവിൽ കെ. മുരളീധരനും കൊട്ടാരക്കരയിൽ ഐഷ പോറ്റിയും സ്ഥാനാർത്ഥികളായേക്കും. കൊല്ലത്ത് ബിന്ദു കൃഷ്ണ, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല, അടൂരിൽ രമ്യ ഹരിദാസ്, അരൂരിൽ ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രനും തൃശൂരിലെ മണലൂരിൽ ടി.എൻ. പ്രതാപനും കൊടുങ്ങല്ലൂരിൽ ഒ.ജെ. ജനീഷും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്കാണ് സാധ്യത. പാലക്കാട് മണ്ഡലത്തിൽ സിനിമാ താരം രമേഷ് പിഷാരടിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. തൃത്താലയിൽ വി.ടി. ബൽറാം വീണ്ടും ജനവിധി തേടും. ചിറ്റൂരിൽ സുമേഷ് അച്യുതനും കോങ്ങാട് തുളസിയും സ്ഥാനാർത്ഥികളായേക്കും. മലബാറിലെ വിവിധ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ധാരണയായിട്ടുണ്ട്. കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ, കോഴിക്കോട് നോർത്തിൽ കെ. ജയന്ത്, നാദാപുരത്ത് കെ.എം. അഭിജിത്ത്, എലത്തൂരിൽ വിദ്യാ ബാലകൃഷ്ണൻ എന്നിവർ മത്സരിക്കാനാണ് സാധ്യത. ഒല്ലൂരിൽ ഷാജി കോടങ്കണ്ടത്തിനെയും ഉദുമയിൽ കെ. നീലകണ്ഠനെയുമാണ് പരിഗണിക്കുന്നത്.
മറ്റു പ്രധാന മണ്ഡലങ്ങളായ ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, മറിയം ഉമ്മൻചാണ്ടി എന്നിവരെ പരിഗണിക്കുമ്പോൾ, കണ്ണൂരിൽ അമൃത രാമകൃഷ്ണനാണ് മുൻതൂക്കം. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലോ മാനന്തവാടിയിലോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്ന പക്ഷം, കരുണാകരൻ കുടുംബവുമായി അടുത്ത ബന്ധമുള്ള ടി.വി. ചന്ദ്രമോഹനെയാകും കോൺഗ്രസ് രംഗത്തിറക്കുക. ഇല്ലാത്തപക്ഷം ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് അവസരം ലഭിച്ചേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










