ഒടുവിൽ ജി സുധാകരൻ പാർട്ടി വിടുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ താൻ മത്സരിക്കുമെന്ന കാര്യം ആരോടും മുൻകൂട്ടി പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനിടെ, പാർട്ടിയുടെ ചരിത്രവുമായി ചേർന്ന് കിടക്കുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള സുധാകരന്റെ പ്രഖ്യാപനം സിപിഎമ്മിന് കനത്ത തിരിച്ചടിയാകും.
ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണ്. ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നത്. ഹൈസ്കൂൾ കാലത്താണ് പാർട്ടിയിൽ ചേർന്നത്.
മൂന്നാഴ്ച മുമ്പ് പാർട്ടി അംഗത്വം പുതുക്കാൻ ആളു വന്നു, പുതുക്കിയില്ല, അത് വാര്‍ത്തയായി. ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ഈ വിവരം ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്നുണ്ടായ നിരന്തരമായ അവഗണനയും പാർട്ടി സൈബർ പോരാളികൾ തനിക്കെതിരെ നടത്തിയ വ്യക്തി അധിക്ഷേപവും ജി സുധാകരനെ വേദനിപ്പിച്ചിരുന്നു. ആലപ്പുഴയിലും അമ്പലപ്പുഴയിലും നടന്ന സർക്കാറിന്റെയും പാർട്ടിയുടെയും പരിപാടികളിൽ നിന്നും ഒഴിവാക്കിയതും അദ്ദേഹത്തെ പാർട്ടിക്കെതിരെ പ്രതികരിക്കാൻ നിർബന്ധിതനാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച വാർത്താ സമ്മേളനത്തിൽ ജി സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരിഹസിച്ച് ചിരിച്ചതോടെയാണ് അദ്ദേഹം പരസ്യ പ്രതികരണം നടത്തിയത്. തുടർന്ന് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പരസ്യ പ്രഖ്യാപനം വൈകിയത് സുധാകരൻ പുനർവിചിന്തനം നടത്തിയത് കൊണ്ടാണോ എന്ന് സംശയം ഉയർത്തിയിരുന്നു. എന്നാൽ എല്ലാത്തിനും വിരാമമിട്ട് കൊണ്ടായിരുന്നു സുധാകരന്റെ ഇന്നത്തെ വാർത്താ സമ്മേളനം.










