Home / Politics / കെ കെ ശൈലജ പേരാവൂരിൽ തന്നെ; വീണാ ജോർജ്ജും പി കെ ശ്യാമളയും മത്സരിക്കും, എം എം മണിക്ക് സീറ്റില്ല

കെ കെ ശൈലജ പേരാവൂരിൽ തന്നെ; വീണാ ജോർജ്ജും പി കെ ശ്യാമളയും മത്സരിക്കും, എം എം മണിക്ക് സീറ്റില്ല

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ധാരണയായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സീറ്റുകളും സ്ഥാനാർത്ഥികളും സംബന്ധിച്ച അന്തിമ രൂപമായത്. സിറ്റിങ് സീറ്റുകളിലും സ്ഥാനാർത്ഥി നിർണയത്തിലും പ്രമുഖ നേതാക്കൾക്ക് വലിയ മാറ്റങ്ങളാണ് ഇത്തവണയുള്ളത്.

മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.കെ. ശൈലജയെ തന്റെ സിറ്റിങ് സീറ്റായ മട്ടന്നൂരിൽ നിന്ന് മാറ്റി കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പേരാവൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നിലവിലെ പേരാവൂർ എംഎൽഎ. മട്ടന്നൂരിൽ മത്സരിപ്പിക്കുന്നില്ല എന്ന തീരുമാനത്തോട് സംസ്ഥാന സെക്രട്ടേറിയറ്റിൽ ശൈലജ വിമർശനം ഉന്നയിച്ചിരുന്നു. സ്വന്തം തട്ടകമായ മട്ടന്നൂരിൽ നിന്നും ശൈലജയെ പേരാവൂരിലേക്ക് മാറ്റുന്നത് അവരെ ഒതുക്കാനാണെന്ന ആരോപണമുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വീണ്ടും ആറന്മുളയിൽ മത്സരിക്കും. വീണാ ജോർജ്ജിനെ ഇത്തവണ പരിഗണിക്കരുതെന്ന ആവശ്യം പാർട്ടി തള്ളി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പ് സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി.കെ. ശ്യാമള മത്സരിക്കും. പ്രാദേശിക തലത്തിൽ ചില എതിർപ്പുകൾ ഉയർന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തന്നെ വീണ്ടും ജനവിധി തേടും. ഈ സീറ്റ് വിട്ടുനൽകണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം പാർട്ടി തള്ളി.

മറ്റൊരു പ്രധാന മാറ്റം ഇടുക്കിയിലെ ഉടുമ്പൻചോലയിലാണ്. നിലവിലെ എംഎൽഎ എം.എം. മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ ഉടുമ്പൻചോലയിൽ സ്ഥാനാർത്ഥിയാകും. തവനൂരിൽ കെ.ടി. ജലീൽ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *