ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ നടന്ന സമരത്തിൽ ആയിരക്കണക്കിന് നഴ്സുമാരാണ് പങ്കെടുത്തത്. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിവാദ്യം ചെയ്തു. നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് യുഎൻഎ അറിയിച്ചു.
വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമ്പൂർണ്ണ പണിമുടക്കിലേക്ക് കടക്കും. നഴ്സുമാർ കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയുടെ പ്രവർത്തനം താളംതെറ്റുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഏറെ കാലമായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ നഴ്സുമാർക്കിടയിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്.










