അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ കാണാതായ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെയാണ് പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അസമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനത്തിന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് റഡാറുമായുള്ള ബന്ധം നഷ്ടമായത്. വിമാനം കാണാതായതിനെ തുടർന്ന് വ്യോമസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മലയോര മേഖലയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു വിമാനത്തിന്റെ ഭാഗങ്ങൾ.
അപകടത്തിൽ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും സേന ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതിരോധ വകുപ്പ് വക്താക്കൾ അറിയിച്ചു.










