ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിക്കൊണ്ടാണ് കോടതി വിധി. പ്രതി ഓടനാവട്ടം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു.
ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ, വധശ്രമത്തിന് 10 വര്‍ഷം കഠിന തടവ്, ആശുപത്രിയില്‍ അതിക്രമം കാണിച്ച് ആരോഗ്യ പ്രവര്‍ത്തരെ ആക്രമിച്ചതിനും പത്ത് വര്‍ഷങ്ങള്‍ വീതവും കൊല്ലം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
2023 മേയ് 10ന് പുലര്‍ച്ചെയാണ് വന്ദന മരിക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സ്കൂള്‍ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിനെ സന്ദീപ് ആക്രമിച്ചത്. ആക്രമണത്തിനിടെ പോലീസുകാർക്കും മറ്റ് ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
ഒരു അധ്യാപകനായിരുന്നിട്ടും പ്രതി കാട്ടിയത് അതിക്രൂരമായ പ്രവർത്തിയാണെന്നും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നും പ്രതിഭാഗം വാദിച്ചു. ഇയാൾക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തു.
കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും, 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.










