മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുകൊണ്ടുള്ള തന്റെ മുൻ പ്രസ്താവനയിൽ വ്യക്തത വരുത്തി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം നേതാവുമായ ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് വ്യക്തിപരമായ സന്തോഷമുണ്ടെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുമുന്നണിക്ക് മൂന്നാമൂഴം ലഭിക്കില്ലെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
താൻ ഒരു ‘ജനകീയ സ്വതന്ത്ര’ സ്ഥാനാർത്ഥിയാണെന്നും തന്നെ പിന്തുണയ്ക്കാൻ ഏത് രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് പിന്തുണ നൽകിയാൽ അത് സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി. പ്രസാദിനെതിരെ പരസ്യ പ്രചാരണം
ചേർത്തല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദിനെതിരെ താൻ നേരിട്ട് പ്രചാരണത്തിനിറങ്ങുമെന്ന് സുധാകരൻ പ്രഖ്യാപിച്ചു. “പ്രസാദ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടതില്ല. അയാൾ എനിക്കെതിരെ പ്രസ്താവനകൾ നടത്തി. അതുകൊണ്ട് തന്നെ ചേർത്തലയിൽ പോയി അയാളെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യാൻ എനിക്ക് അവകാശമുണ്ട്,” സുധാകരൻ പറഞ്ഞു. കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടുകൾക്ക് മാത്രം വിജയിച്ച പ്രസാദിന് ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
‘പാർലമെന്ററി വ്യാമോഹം’ ആരോപണത്തിന് മറുപടി
തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് വിമർശിക്കുന്ന സി.പി.എം നേതാക്കളെ സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മത്സരിക്കുന്ന മറ്റെല്ലാ നേതാക്കൾക്കും ഈ വ്യാമോഹം ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
“ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നത് പാർലമെന്ററി വ്യാമോഹമല്ലേ? സജി ചെറിയാനും പ്രതിഭയും വി.എൻ വാസവനും ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇവർക്കൊന്നും ഇല്ലാത്ത എന്ത് വ്യാമോഹമാണ് എനിക്കുള്ളത്? വീണ്ടും വീണ്ടും മത്സരിക്കുന്നവർ വ്യാമോഹമില്ലാത്തവരാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്.”
സി.പി.എമ്മിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും മുതിർന്ന നേതാക്കളുടെ നിലപാടുകളെയും പരിഹസിച്ചുകൊണ്ടാണ് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.










