Home / Uncategorized / ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ഫയർ എൻജിനും കൂട്ടിയിടിച്ചു; പൈലറ്റുമാരുടെ നില ഗുരുതരം

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ഫയർ എൻജിനും കൂട്ടിയിടിച്ചു; പൈലറ്റുമാരുടെ നില ഗുരുതരം

കാനഡയിലെ മോൺട്രിയലിൽ നിന്നെത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനം ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വെച്ച് ഗ്രൗണ്ട് വെഹിക്കിളുമായി (ഫയർ എൻജിൻ) കൂട്ടിയിടിച്ചു. റൺവേ നാലിൽ നടന്ന അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 ആണ് അപകടവിവരം പുറത്തുവിട്ടത്.

വിമാനത്തിന്റെ മുൻഭാഗം (നോസ്) തകർന്ന് വായുവിൽ ഉയർന്നുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതിന്റേയും രക്ഷാപ്രവർത്തനത്തിന്റേയും ദൃശ്യങ്ങളും പുറത്തുവന്നു. പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു സർജന്റിനും ഓഫീസർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.

വിമാനത്താവളത്തിലെ മറ്റൊരു വിമാനത്തിൽ (യുണൈറ്റഡ് 737 മാക്സ്) ഉണ്ടായ അടിയന്തര സാഹചര്യം നേരിടാൻ റൺവേ മുറിച്ചുകടക്കാൻ അനുമതി ലഭിച്ച ഫയർ എൻജിനിലേക്കാണ് എയർ കാനഡ വിമാനം ഇടിച്ചുകയറിയത്. ലാൻഡിംഗിന് ശേഷം ഏകദേശം 39 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോഴായിരുന്നു വിമാനം ഫയർ എൻജിനുമായി കൂട്ടിയിടിച്ചത്. അപകടസമയത്ത് 72 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) താൽക്കാലിക വിലക്കേർപ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ യാത്ര തിരിച്ച ഇടത്തേക്ക് തന്നെ മടങ്ങുകയോ ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥയും അപകടത്തിന് കാരണമായോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ജാസ് എയർലൈൻസ് എന്ന പ്രാദേശിക കാരിയറാണ് ഈ സർവീസ് നടത്തിയിരുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *