എറണാകുളം എടയാർ വ്യവസായ മേഖലയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ ശത്രുഘ്നൻ മുഖ്യ (25) ആണ് മരണപ്പെട്ടത്. മേഖലയിലെ ഒരു വ്യവസായ സ്ഥാപനത്തിൽ രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്.
സമീപത്തെ കെട്ടിടങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളും നാട്ടുകാരും ആകാശത്തേക്ക് കറുത്ത പുക ഉയരുന്നത് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കെട്ടിടത്തിനുള്ളിലെ യന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിക്കുകയുമായിരുന്നു. പാതാളം റഗുലേറ്റർ കം ബ്രിഡ്ജിൽ നിന്നും കിലോമീറ്ററുകൾ അകലെ നിന്നും കാണാൻ കഴിയുന്ന തരത്തിൽ വൻ പുകപടലങ്ങളാണ് പ്രദേശത്ത് ഉയർന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനത്ത ചൂടും പുകയും പ്രതിരോധിച്ചുകൊണ്ട് വെള്ളവും ഫോമും ഉപയോഗിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെത്തുടർന്ന് എടയാർ മേഖലയിലെ വൈദ്യുതി ബന്ധം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൂർണ്ണമായും വിച്ഛേദിച്ചു.
നിരവധി രാസവസ്തു നിർമ്മാണ യൂണിറ്റുകളും ഗോഡൗണുകളും തിങ്ങിനിറഞ്ഞ പ്രദേശമായതിനാൽ തീ പടരാതിരിക്കാൻ കടുത്ത ജാഗ്രത പാലിച്ചിരുന്നു. വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണോ അതോ രാസവസ്തുക്കളിൽ നിന്നാണോ തീ പടർന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.










