തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദ വീഡിയോ നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്സി’നെതിരെ (പഴയ ട്വിറ്റർ) തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസിൽ ബിജെപി യുടെ സീൽ ഉണ്ടായിരുന്നത് രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
ഇതൊരു സാങ്കേതിക പിഴവാണെന്ന് അധികൃതർ പിന്നീട് വിശദീകരിച്ചുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് തുടർന്നതോടെയാണ് വിഷയം സങ്കീർണ്ണമായത്. വിവാദ ഉള്ളടക്കം നീക്കം ചെയ്യണമെന്ന നിർദ്ദേശം മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ പാലിച്ചപ്പോൾ ‘എക്സ്’ അതിന് തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യക്തികൾക്കെതിരെയല്ല, മറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
സംഭവത്തോട് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, നിലവിൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും, കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരിക്കും നടപടികളെന്നും അറിയിച്ചു. ഒരു ഔദ്യോഗിക രേഖയിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നത് ഗൗരവകരമായ വീഴ്ചയാണെന്നും, അതൊരു ക്ലറിക്കൽ പിഴവാണെങ്കിൽ പോലും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ഒരു സാങ്കേതിക പിഴവാണെന്നും ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കും ജില്ലാ അധികാരികൾക്കും കമ്മീഷൻ പുതുക്കിയ അറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെറ്റായ വിവരങ്ങൾ അടങ്ങിയ ഉള്ളടക്കം പ്രചരിക്കുന്നത് തുടരുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ പോലീസിൽ പരാതി നൽകിയത്.










