Home / Kerala / യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു

യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു

യുവനടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ്. ഇന്നലെ രാത്രിയോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച രഞ്ജിത്തിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം, കേസിൽ ഉടൻ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചു.

മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾക്കിടെയാണ് പോലീസിൻ്റെ ഭാഗത്തുനിന്ന് നിർണായക നീക്കമുണ്ടായത്. അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ രഞ്ജിത്തിനോട് ഒളിവിൽ പോകാൻ അഭിഭാഷകർ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സ്വന്തം വാഹനം ഉപേക്ഷിച്ച് സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.

യുവനടിയുടെ പരാതിയിൽ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. സിനിമയിൽ പ്രധാന വേഷം നൽകാത്തതിലുള്ള വിരോധമാണോ പരാതിക്ക് പിന്നിലെന്ന് പോലീസ് പരിശോധിച്ചെങ്കിലും, സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ തന്നെയാണ് നടി അവതരിപ്പിച്ചതെന്നും ഷൂട്ടിംഗ് ഏകദേശം പൂർത്തിയായതായും കണ്ടെത്തി. ഇതോടെ വ്യാജ ആരോപണത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ പോലീസ്, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന ദിവസം സെറ്റിലുള്ളവർക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നതും കേസിൽ നിർണായകമായി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *