മുഖ്യമന്ത്രി സംവാദത്തില്‍ നിന്നും പിന്‍വാങ്ങിയത് ഏറെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സംവാദം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാക്കി മാറ്റി. അതില്‍ കുഴപ്പമില്ല. പക്ഷെ അദ്ദേഹം പറയുന്ന നുണകള്‍ക്ക് മറുപടി പറയുമ്പോള്‍ പിന്നീട് അതിനെ കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
സംവാദത്തില്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹത്തെ ആരെങ്കിലും ഉപദേശിച്ചുകാണും. ഭയന്നു പോയെന്ന മോശം വാക്കൊന്നും അദ്ദേഹത്തിനെതിരെ ഞാന്‍ ഉപയോഗിക്കില്ല. അദ്ദേഹത്തിന് എന്നെ ഭയക്കേണ്ട ഒരു കാര്യവുമില്ല. ഇടയ്ക്ക് പൊലീസിനെ ഉപയോഗിച്ച് ഞാന്‍ നല്‍കിയ അഭിമുഖമൊക്കെ മെറ്റയെ കൊണ്ട് റിമൂവ് ചെയ്യിക്കും. ഞാന്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തതിന് അദ്ദേഹം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്ന് അപ്പോള്‍ ആലോചിക്കും. കേരളം പുടിന്റെയോ സ്റ്റാലിന്റെയോ റഷ്യയല്ല.
443000 പേര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വീട് വച്ചു കൊടുത്തെന്ന് തെളിയിച്ചപ്പോള്‍ അതിന് മുന്‍പ് അദ്ദേഹം പറഞ്ഞ 4000 വീടുകള്‍ മാത്രമെ നിര്‍മ്മിച്ചുള്ളൂവെന്ന വാദത്തെ കുറിച്ച് മിണ്ടുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ യമണ്ടന്‍ നുണയാണെന്ന് അദ്ദേഹത്തിന്റെ തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്ന ഉത്തരം വച്ചാണ് തെളിയിച്ചത്. അതിനു ശേഷം അത കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.
എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്. 40 വര്‍ഷം തോളത്ത് വച്ച് നടന്നപ്പോള്‍ മതേതരവാദികളും യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളുമായി. എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ തീരുമാനമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ പറഞ്ഞത്. എസ്.ഡി.പി.ഐയുടെ പിന്തുണ നിരസിച്ച ആദ്യ മുന്നണിയാണ് യു.ഡി.എഫ് എന്നത് മുഖ്യമന്ത്രി മറന്നു പോകരുത്. അവസരവാദത്തിന്റെ ആള്‍രൂപമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്.
ആര്‍.എസ്.എസുമായി ചില സമയത്ത് കൂടും ചില സമയത്ത് കൂടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും ആര്‍.എസ്.എസുമായും കൂടുന്നതിനെയാണ് അവസരവാദമെന്ന് പറയുന്നത്. എങ്ങനെയെങ്കിലും ജയിക്കുന്നതിനു വേണ്ടി ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയകളുമായി പിണറായി വിജയന്‍ സന്ധി ചെയ്യുകയാണ്. എന്ത് ചെയ്താലും ജയിക്കില്ല. കാരണം മതേതര കേരളമാണെന്നും തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.
എസ്.ഡി.പി.ഐയുമായി കൂട്ട് കൂടുന്നതിന് മുന്‍പ് പിണറായി വിജയന്‍ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. എസ്.ഡി.പി.ഐക്കാര്‍ അഭിമന്യൂവിനെ കൊന്നതാണെന്നാണ് അന്ന് ദേശാഭിമാനി എഴുതിയത്. എന്തൊരു പ്രചരണമായിരുന്നു അന്ന്. രക്തസാക്ഷികളോട് പോലും സി.പി.എം നീതി കാട്ടിയില്ല.
മുഖ്യമന്ത്രി ഞങ്ങളോട് വയനാട്ടിലെ കണക്ക് ചോദിക്കുകയാണ്. വീട് നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് പൊതുജനങ്ങളോട് പറഞ്ഞോളാം. സി.പി.എമ്മിന് കണക്ക് കൊടുക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ഞങ്ങളോട് കണക്ക് ചോദിക്കാന്‍ വരുന്ന മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് പയ്യന്നൂരില്‍ രക്തസാക്ഷിക്ക് വേണ്ടി പിരിച്ച പണം എം.എല്‍.എയും ഏരിയ സെക്രട്ടറിയും എവിടെ മുക്കിയെന്ന് ആദ്യം അന്വേഷിക്കണം. അഭിമന്യുവിന് വേണ്ടി പിരിച്ച പണവും സ്വന്തം പാര്‍ട്ടിക്കാര്‍ എവിടെയാണ് മുക്കിയതെന്നും അന്വേഷിക്കണം. തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച പണവും എവിടെയാണ് മുക്കിയത്?
കൈരളിക്കും ദേശാഭിമാനിക്കും മാത്രമെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ സാധിക്കൂ. കൈരളിയും ദേശാഭിമാനിയും അല്ലാത്ത മാധ്യമങ്ങളെ മുഖ്യമന്ത്രി ചീത്ത വിളിക്കുന്നതും മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ച് പറയുന്നതുമൊക്കെ ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. അതുകൊണ്ട് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ കൈരളിക്കാരും ദേശാഭിമാനിക്കാരും പരമാവധി പ്രകോപിപ്പിക്കണമെന്നും അങ്ങനെ മുഖ്യമന്ത്രിയെ പോലെ വി.ഡി സതീശനെയും മാറ്റണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എനിക്കെതിരെ ദിവസേന 20 കാര്‍ഡും പത്ത് വീഡിയോയും ഇറക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും നിര്‍ദ്ദേശിച്ചതും എന്നോട് പറഞ്ഞത് ആ യോഗത്തില്‍ പങ്കെടുത്ത സി.പി.എമ്മുകാരാണ്.
എഫ്.സി.ആര്‍.എയില്‍ കോണ്‍ഗ്രസ് ഒരു നിലപാടും എടുത്തില്ലല്ലോയെന്നാണ് ദേശാഭിമാനി ലേഖകന്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ച ശേഷമാണ് മുഖ്യമന്ത്രി എസ്.സി.ആര്‍.എ വിഷയത്തില്‍ പ്രതികരിച്ചത്. ഞാന്‍ പ്രതികരിച്ച ശേഷമാണ് മറ്റെല്ലാ നേതാക്കളും ഈ വിഷയത്തില്‍ പ്രതികരിച്ചതും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
ന്യൂനപക്ഷ അവകാശങ്ങളും അവരുടെ സ്വത്തുക്കളും സ്ഥാപനങ്ങളും തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള വര്‍ഗീയ ലക്ഷ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. അതേ സംഘ്പരിവാറാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ വന്ന് ഈസ്റ്ററിനും ക്രിസ്മസിനും കേക്ക് കൊടുക്കുന്നത്. ഇവരാണ് കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുന്നതും ആരാധന തടസപ്പെടുത്താനും ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീംകളെയും തമ്മിലടിപ്പിക്കാനാണ് ഇവര്‍ നേരത്തെ വഖഫ് ബില്‍ കൊണ്ടുവന്നത്. അതിന് സി.പി.എമ്മും കുടപിടിച്ചു കൊടുത്തു. സി.പി.എമ്മിന്റെ അറിവോടെയാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കേസിനു പോയത്.
പിണറായി വിജയന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. അതുകൊണ്ട് പിണറായി വിജയന് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന ആരോപണം ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോകുമ്പോള്‍ അയാള്‍ സ്വര്‍ണക്കൊള്ള കേസ് പ്രതിയോ അറിയപ്പെടുന്ന ആളോ ആയിരുന്നില്ലെന്നും പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.










