Home / Politics / മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍; ‘കാപട്യമേ നിന്റെ പേരോ പിണറായി’

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍; ‘കാപട്യമേ നിന്റെ പേരോ പിണറായി’

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ നിലപാടുകളെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് നിലവിലെ സാഹചര്യമെന്ന് അദ്ദേഹം പരിഹസിച്ചു. എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സതീശൻ ആരോപിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളെപ്പോലും കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് സതീശൻ കുറ്റപ്പെടുത്തി. “എസ്ഡിപിഐ ഒരു തീവ്രവാദ സംഘടനയാണെന്നാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുചേര്‍ന്ന് മത്സരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്,” അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെയും പ്രതിപക്ഷ നേതാവ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. ക്രിസ്മസും ഈസ്റ്ററും വരുമ്പോള്‍ കേക്കുമായി ക്രൈസ്തവ വീടുകളിലെത്തുന്ന ബിജെപി, യഥാർത്ഥത്തിൽ ‘ആട്ടിന്‍തോലിട്ട ചെന്നായ്ക്കൾ’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എഫ്‌സിആര്‍എ ഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളുടെ ആസ്തികള്‍ തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആരാധനാലയങ്ങള്‍ പോലും ഏറ്റെടുക്കാവുന്ന രീതിയിലുള്ള പ്രൊവിഷനുകൾ സുരേഷ് ഗോപി വായിച്ചുനോക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേന്ദ്രം തയ്യാറാക്കുന്ന ചര്‍ച്ച് ബില്ലും സമാനമായ ലക്ഷ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകളെ ‘തട്ടിക്കൂട്ട്’ എന്നാണ് സതീശൻ വിശേഷിപ്പിച്ചത്. ഭൂരിഭാഗം സര്‍വ്വേകളും പെയ്ഡ് ആണെന്നും മുൻ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രവചനങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.കെ. ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു അന്ന് സർവ്വേകൾ പറഞ്ഞത്. എന്നാൽ യഥാര്‍ത്ഥ ജനവികാരം സര്‍വ്വേകളില്‍ പ്രതിഫലിക്കില്ലെന്ന് തെളിഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെറും പ്രസംഗങ്ങൾക്കപ്പുറം, സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന ബദല്‍ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും സമഗ്രമായ മാറ്റങ്ങള്‍ക്കായി ഗവേഷണ തുല്യമായ പ്രവര്‍ത്തനങ്ങളാണ് മുന്നണി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടേയും സിപിഐഎമ്മിന്റെയും യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *