Home / Uncategorized / ബിഹാർ തിരഞ്ഞെടുപ്പ് ഫലം: 190 ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിൽ, മഹാസഖ്യം പിന്നോട്ട്

ബിഹാർ തിരഞ്ഞെടുപ്പ് ഫലം: 190 ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിൽ, മഹാസഖ്യം പിന്നോട്ട്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം (NDA) മുന്നേറ്റം. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡ് (JDU) ഉൾപ്പെടുന്ന എൻഡിഎ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ മുന്നേറ്റമാണ് നടത്തുന്നത്. തേജസ്വി യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളും (RJD) കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെടുന്ന മഹാസഖ്യം (Mahagathbandhan) വോട്ടെണ്ണലിൽ ഇതുവരെയും മുന്നേറ്റം നടത്തിയിട്ടില്ല. വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിച്ചു.

243 അംഗ ബിഹാർ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റുകൾ എൻഡിഎ ആദ്യഘട്ടത്തിൽ തന്നെ മറികടന്നു. നിലവിൽ എൻഡിഎ 191 സീറ്റുകളിലും മഹാസഖ്യം 47 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി രണ്ട് സീറ്റുകളിൽ മുന്നിലാണ്. എക്സിസ്റ്റ് പോൾ ഫലങ്ങളും എൻഡിഎ യുടെ വിജയമാണ് പ്രവചിച്ചത്.

2020 ലെ തിരഞ്ഞെടുപ്പിൽ ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡിക്ക് പകരം ബിജെപി എത്താനുള്ള സാധ്യതയും ഇത്തവണയുണ്ട്. 2020-ൽ ആർജെഡി 75 സീറ്റുകൾ നേടിയപ്പോൾ ബിജെപി 74 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ബിജെപി 67-70 സീറ്റുകൾ നേടുമ്പോൾ ആർജെഡി 56-69 സീറ്റുകളിൽ ഒതുങ്ങിയേക്കാം.

പരമ്പരാഗതമായി യാദവ സമുദായം ആർജെഡിയ്ക്കൊപ്പം നിൽക്കുന്ന പ്രവണത ഇത്തവണയും തുടർന്നു.യാദവരിൽ 90 ശതമാനവും മുസ്ലീം വോട്ടർമാരിൽ 80 ശതമാനത്തോളവും മഹാസഖ്യത്തിന് വോട്ട് ചെയ്തതായി എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

നവംബർ 6, 11 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. പ്രശാന്ത് കിഷോർ, എഐഎംഐഎം ( All India Majlis-e-Ittehadul Muslimeen) യുടെ അസദുദ്ദീൻ ഒവൈസി, തേജസ്വി യാദവിൻ്റെ സഹോദരൻ തേജ് പ്രതാപ് യാദവ് എന്നിവർ തമ്മിലെ കടുത്ത വാദപ്രതിവാദങ്ങൾക്കും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *