Home / Uncategorized / ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു

ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു

ഡൽഹി ചെങ്കോട്ടയ്ക്ക് മുന്നിൽ നടന്ന കാർ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതുന്ന ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്. ഇവിടെയിപ്പോൾ കോൺക്രീറ്റ് കൂമ്പാരങ്ങൾ മാത്രമാണുള്ളത്.

ജയ്‌ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ഉമർ നബിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഉമറിന്റെ കുടുംബാംഗങ്ങളെ സുരക്ഷാ ഏജൻസികൾ നേരത്തെ തന്നെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. നിലവിൽ ഇയാളുടെ ബന്ധുക്കളിൽ ചിലർ പോലീസ് കസ്റ്റഡിയിലാണുള്ളത്.

ഗൂഢാലോചന

ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി തന്നെയെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുകളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ബിലാൽ (35) എന്നയാൾ കൂടി മരിച്ചതോടെ, ആകെ മരണസംഖ്യ 13 ആയി. ചെങ്കോട്ട കാർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാല് നഗരങ്ങളിൽക്കൂടി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നുമാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

ഡോ. ഉമർ നബിയും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്സർലൻഡിലെ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷൻ വഴി ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ, സ്ഫോടനത്തിനാവശ്യമായ തുക സമാഹരിക്കാനായി ഇവർ 26 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ഫറൂഖ്, കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിർ എന്നിവരും കസ്റ്റഡിയിലാണ്.

സ്ഫോടക വസ്തുക്കളുടെ സംഭരണം

ആക്രമണത്തിനുള്ള ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) നിർമാണത്തിനുള്ള വസ്തുക്കൾ വാങ്ങാനായി സമാഹരിച്ച തുക ഡോ. ഉമർ നബിയെയാണ് ഏൽപ്പിച്ചിരുന്നത്. ഇതിൽ നിന്ന് മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഗുരുഗ്രാം, നൂഹ് എന്നിവിടങ്ങളിൽ നിന്ന് 26 ക്വിന്റൽ എൻപികെ (Nitrogen, Phosphorus Potassium) വളം വാങ്ങിയതായും കണ്ടെത്തി. ഐഇഡി നിർമാണത്തിന് ഈ വളം ഉപയോഗിക്കാറുണ്ട്.

ഷഹീൻ സയീദ് സെപ്റ്റംബർ 25-ന് വാങ്ങിയ കാർ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലാ ക്യാംപസിൽനിന്നും കണ്ടെത്തിയിരുന്നു. ഉമർ വാങ്ങിയ കാർ കഴിഞ്ഞ ദിവസവും കണ്ടെത്തിയിരുന്നു. ആക്രമണ പദ്ധതിയുടെ ഭാഗമായി സംഘം കൂടുതൽ കാറുകൾ വാങ്ങിയിരുന്നോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *