Home / Kerala / ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ

കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കൊല്ലം അഡീഷണൽ സെഷൻസ് കോടതി പ്രസ്താവിച്ചു. പ്രതിക്കുള്ള ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.

ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ശരിവെച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളിലൂടെ തന്നെ സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി ബോധപൂർവമാണ് കൊലപാതകം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

2023 മെയ് 10-നാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്കായി പൂയപ്പള്ളി പോലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപ്, ആശുപത്രിയിലെ ഡ്രസിങ് റൂമിൽ വെച്ച് അക്രമാസക്തനാവുകയായിരുന്നു. അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കിയ പ്രതി പോലീസുകാരെയും കൂടെയുണ്ടായിരുന്നവരെയും ആക്രമിച്ചു. മറ്റുള്ളവർ ഓടി മാറിയെങ്കിലും ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദനാ ദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞുനിർത്തിയ പ്രതി നെഞ്ചിലും കഴുത്തിലും മുതുകിലുമായി ആഞ്ഞാഞ്ഞ് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വന്ദന മരണത്തിന് കീഴടങ്ങിയത്.

മൂന്ന് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *