സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യ അതിഥിയായി മലയാളത്തിന്റെ പ്രിയതാരം ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ഒരുക്കിയ വിരുന്നിലാണ് ഭാവന പങ്കെടുത്തത്.
‘ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് വിരുന്ന് സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇത്തരം കൂടി ചേരലുകൾ. സഹജീവികളോടുള്ള കരുതലിന്റെയും സമർപ്പണത്തിന്റെയും പ്രതിജ്ഞ പുതുക്കി നമുക്ക് മുന്നോട്ട് പോകാം,’ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഭാവനയ്ക്കും മറ്റു അതിഥികൾക്കും ഒപ്പമുള്ള ചിത്രങ്ങളും മുഖ്യമന്ത്രി പങ്കു വച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഫെയ്‌സ്ബുക്കിലൂടെ ഭാവന പങ്കെടുത്ത വിവരം ചിത്രങ്ങൾ സഹിതം പങ്കു വച്ചു.. ‘സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്നായിരുന്നു ചിത്രത്തോട് ഒപ്പമുള്ള വിവരണം..
ഉച്ചയ്ക്ക് നടന്ന വിരുന്നിൽ മന്ത്രിമാർക്കും ഭാവനയ്ക്കും പുറമെ വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയ മറ്റ് അതിഥികളും പങ്കെടുത്തു.
2022-ൽ രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഉദ്ഘാടന വേദിയിലും ഭാവന അപ്രതീക്ഷിത സാന്നിധ്യമായി എത്തിയിരുന്നു. അന്ന് വലിയ കരഘോഷത്തോടെയായിരുന്നു സദസ്സ് താരത്തെ വരവേറ്റത്.










