നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കും. ഇതിനെ ‘സർക്കാരിന് വേറെ പണിയില്ലാത്തതുകൊണ്ടാണ്’ എന്ന് അടൂർ പ്രകാശ് വിശേഷിപ്പിച്ചത് വിചിത്രമായ വാദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഒരു പ്രതികരണം എന്തിന് ധൃതിപ്പെട്ട് നടത്തി എന്നത് മനസിലാകുന്നില്ലെന്നും, ഇത് യുഡിഎഫിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ് നിന്നത്. ആ നിലപാട് ഇനിയും തുടരും. കൃത്യമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ എന്ന സന്ദേശമാണ് ഈ കേസിലും നൽകിയത്. കേസിൽ പോലീസ് ഗൂഢാലോചന നടത്തിയെന്ന നടൻ ദിലീപിന്റെ ആരോപണം മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പോലീസിനെതിരെ ദിലീപ് തനിക്ക് ഒരു നിവേദനവും നൽകിയിട്ടില്ലെന്നും, ദിലീപ് പറയുന്ന കാര്യങ്ങൾ അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ പ്രോസിക്യൂഷൻ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നാണ് പൊതുവിലുള്ള ധാരണ. നിയമവൃത്തങ്ങളും പൊതുസമൂഹവും ഇതിനെ ശരിവെച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ അഭിപ്രായത്തെ തള്ളി കോൺഗ്രസിലെ മറ്റു നേതാക്കൾ രംഗത്ത് വന്നിരുന്നു.










