Home / Kerala / മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ തങ്കരാജ് (60) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. അപകടത്തെത്തുടർന്ന് ഒരാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ഡിസംബർ 24-ന് രാത്രി എട്ടരയോടെ എം.സി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ സിദ്ധാർത്ഥ് പ്രഭുവിന്റെ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് റോഡരികിലുണ്ടായിരുന്ന തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. അപകടസമയത്ത് നടൻ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് നടൻ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. വിവരമറിഞ്ഞെത്തിയ ചിങ്ങവനം പോലീസിനെ കൈയേറ്റം ചെയ്യാനും ഇയാൾ മുതിർന്നു. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും സിദ്ധാർത്ഥിനെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ പരിക്കേറ്റ തങ്കരാജ് മരണപ്പെട്ട സാഹചര്യത്തിൽ, നടനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് പ്രഭു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *