Home / Politics / ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: നേമത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ പത്മജ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: നേമത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ പത്മജ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനംഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി യുടെ എ ക്ലാസ്സ് മണ്ഡലമായ തിരുവനന്തപുരത്തെ നേമത്ത് രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാർത്ഥി.

മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സ്ഥാനാർത്ഥികളാകും. തൃശൂരിൽ പത്മജ വേണുഗോപാലും പാലക്കാട് ശോഭാ സുരേന്ദ്രനും മത്സരിക്കുമ്പോൾ, ഒറ്റപ്പാലത്ത് മേജർ രവിയാണ് എൻഡിഎ സ്ഥാനാർത്ഥി. പൂഞ്ഞാറിൽ പി.സി. ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും വൈക്കത്ത് മുൻ എംഎൽഎ കെ. അജിത്തും മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ന് പ്രഖ്യാപിച്ചതിൽ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇവരാണ്: സി. കൃഷ്ണകുമാർ (മലമ്പുഴ), സങ്കു ടി. ദാസ് (ഷൊർണൂർ), നവ്യ ഹരിദാസ് (കോഴിക്കോട് നോർത്ത്), സി. രഘുനാഥ് (കണ്ണൂർ), സന്ദീപ് വാചസ്പതി (ഹരിപ്പാട്). കാഞ്ഞിരപ്പള്ളിയിൽ അഡ്വ. ജോർജ് കുര്യനും ഇരിഞ്ഞാലക്കുടയിൽ സന്തോഷ് ചെറക്കുളവുമാണ് മത്സര രംഗത്തുള്ളത്. കോൺഗ്രസിൽ നിന്നും സിപിഐയിൽ നിന്നും ബിജെപിയിലെത്തിയ നേതാക്കൾക്കും പട്ടികയിൽ അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്.

കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രിൽ 9-നാണ് പോളിംഗ് ബൂത്തിലെത്തുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. എൽഡിഎഫ് മൂന്നാം തുടർഭരണം ലക്ഷ്യമിടുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനായി യുഡിഎഫും കളം പിടിക്കാനായി ബിജെപിയും സർവ്വ സജ്ജമായിക്കഴിഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *