വന്ദേമാതരം സംബന്ധിച്ച ചർച്ച ഇപ്പോൾ പാർലമെന്റിൽ നടത്തുന്നതിന് പിന്നിൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പ്രിയങ്ക ഗാന്ധി എം പി. പാർലമെന്റിൽ നടന്ന വന്ദേമാതരത്തിന്റെ 150-ാം വാർഷിക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
വന്ദേമാതരം ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. അതിൽ ആർക്കും തർക്കമില്ല. എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു ചർച്ച എന്തിനാണ്? ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് വരുന്നു. സർക്കാരിന് നിലവിലെ കാര്യങ്ങളെ കുറിച്ചോ ഭാവിക്കാര്യങ്ങളെ കുറിച്ചോ ജനങ്ങൾ ചർച്ച ചെയ്യുന്നത് വഴി തിരിച്ചു വിടാനാണ് ഭൂതകാല കാര്യങ്ങളിലേക്ക് പോകുന്നതെന്നും വയനാട് എംപി പറഞ്ഞു.
“നിങ്ങൾ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടാണ് നിലകൊള്ളുന്നത്, ഞങ്ങൾ രാജ്യത്തിന് വേണ്ടിയാണ്. എത്ര തെരഞ്ഞെടുപ്പുകൾ തോറ്റാലും ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും, നിങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടും,” പ്രിയങ്ക പറഞ്ഞു.
നെഹ്‌റുവിനെ നിരന്തരം ആക്രമിക്കുന്ന ബിജെപി നടപടിയെയും പ്രിയങ്ക ശക്തമായി വിമർശിച്ചു. നെഹ്‌റുവിനെതിരായ വിമർശനങ്ങൾ അവസാനിപ്പിക്കാൻ ഒരു ദിവസം പ്രത്യേക ചർച്ച നടത്തി അധ്യായം അവസാനിപ്പിക്കണമെന്നും, അതിനുശേഷം തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴയ ആത്മവിശ്വാസമില്ലെന്നും അദ്ദേഹത്തിന്റെ നയങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വന്ദേമാതരത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നും, വന്ദേമാതരം എന്നും കോൺഗ്രസിന് പ്രിയപ്പെട്ടതാണെന്നും അവർ വ്യക്തമാക്കി.









