മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ (ജൂലൈ പ്രക്ഷോഭം) അടിച്ചമർത്താൻ ഉത്തരവിട്ട കേസിലാണ് വിധി. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിൻ്റെ പതനത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിൽ പ്രതിഷേധക്കാർക്കെതിരെ നടന്ന മാരകമായ അടിച്ചമർത്തലിന് ഉത്തരവിട്ടതിന് കോടതി ഹസീനയെ കുറ്റക്കാരിയായി കണ്ടെത്തി.
ഷെയ്ഖ് ഹസീനയെ മൂന്ന് കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയായി കണ്ടെത്തിയ കോടതി, അവർക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ചു. പ്രകോപനം സൃഷ്ടിക്കൽ, കൊലപാതകത്തിന് ഉത്തരവിടൽ, അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടൽ എന്നിവയാണ് പ്രധാന കുറ്റങ്ങൾ. 2024 ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന ഈ ‘ജൂലൈ പ്രക്ഷോഭ’ കാലയളവിൽ 1,400 ഓളം പേർ കൊല്ലപ്പെട്ടതായി യു.എൻ. മനുഷ്യാവകാശ ഓഫീസ് വിലയിരുത്തിയിരുന്നു.
ഷെയ്ഖ് ഹസീനയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമലും രാജ്യം വിട്ടത് അവർ ചെയ്ത തെറ്റിന് തെളിവാണെന്നും പ്രഖ്യാപിച്ചാണ് കോടതി വിചാരണ പൂർത്തിയാക്കിയത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാതെ, അവരെ ‘റാസാക്കർമാർ’ (ദേശദ്രോഹികൾക്ക് ഉപയോഗിക്കുന്ന അധിക്ഷേപ പദം) എന്ന് വിളിച്ച് പ്രക്ഷോഭത്തെ തകർക്കാൻ ഹസീന ശ്രമിച്ചു. പ്രക്ഷോഭകരായ വിദ്യാർത്ഥികളെ “തുടച്ചുനീക്കാൻ” അവർ നിയമപാലക ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായും, ഡ്രോണുകളും മാരകായുധങ്ങളും ഉപയോഗിച്ച് വെടി വെപ്പ് നടത്താൻ ഉത്തരവിട്ടതായും കോടതി കണ്ടെത്തി.
2024 ഓഗസ്റ്റ് നാലിന് രാജ്യത്ത് അരങ്ങേറിയ തീവ്രമായ പ്രക്ഷോഭങ്ങൾക്കിടെ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്. മുൻ ആഭ്യന്തര മന്ത്രി കമലും ഇന്ത്യയിൽ അഭയം തേടിയതായാണ് സൂചന.
അതേസമയം അന്താരാഷ്ട്ര നീതിന്യായ ട്രിബ്യൂണലിൻ്റെ വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസീനയുടെ അനുയായികളും അവാമി ലീഗ് വൃത്തങ്ങളും ആരോപിക്കുന്നു. ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ്, ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിധി പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ ധാക്കയിൽ അക്രമങ്ങൾ തടയാൻ പോലീസ് സേനയെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.










