Home / Politics / ‘ഇഡി നോട്ടീസ് ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാല,’ സണ്ണി ജോസഫ്; സി.പി.എം – ബി.ജെ പി അന്തർധാര മറയ്ക്കാനെന്ന് ചെന്നിത്തല

‘ഇഡി നോട്ടീസ് ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാല,’ സണ്ണി ജോസഫ്; സി.പി.എം – ബി.ജെ പി അന്തർധാര മറയ്ക്കാനെന്ന് ചെന്നിത്തല

മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിയാണിതെന്നും അതില്‍ പുതുമയുമില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ഈ നോട്ടീസിന്റെയും ഗതിയും മല എലിയെ പ്രസവിക്കുന്നത് പോലെയാകുമെന്നും പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്. അത് മുഖ്യമന്ത്രിയുടെ മകന്‍ കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ.ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. അതുപോലൊരു അഡ്ജസ്റ്റെ്‌മെന്റാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിപിഎം കള്ളന്‍മാര്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ.പത്മകുമാറിനെ തൊടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനെയെല്ലാം ജനം എതിര്‍ക്കുന്നതിനാല്‍, അവരുടെ കണ്ണില്‍പൊടിയിടാനുള്ള കുതന്ത്രമാണിതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

സി.പി.എം – ബി.ജെ പി അന്തർധാര മറയ്ക്കാനെന്ന് ചെന്നിത്തല

ഇ ഡി അയച്ച നോട്ടീസിനെ കോൺഗ്രസ് കാര്യമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കാരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം – ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്. ബിജെപിയുമായി രഹസ്യധാരണ ഇല്ല എന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിക്കാനുള്ള പൊറാട്ട് നാടകം മാത്രമാണ് ഇത്.

ഇ ഡി ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് ഉണ്ടായപ്പോൾ അതിനെതിരായി നോട്ടീസ് അയക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായി സ്വർണ്ണക്കള്ളക്കടത്ത് ആവിയായിപ്പോയി. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കേസുകൾക്ക് തീർപ്പില്ലാതെയായി. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള ഭായി ഭായി ബന്ധം ഇഡി നോട്ടീസുകളെ ഒക്കെ കാറ്റിൽ പറത്തിയെന്നതാണ് സത്യം.

പക്ഷേ മസാല ബോണ്ട് കേരളം കണ്ട വൻകിട സാമ്പത്തിക ക്രമക്കേടുകളിൽ ഒന്നു തന്നെയാണ്.

അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഇന്ത്യൻ റുപ്പിയിൽ കടപ്പത്രങ്ങൾ ഇറക്കുന്നതിനെയാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇത് ബിജെപിയുടെ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. അതിന്റെ പ്രത്യേകത ഇന്ത്യൻ കറൻസിയിൽ ബോണ്ട് ഇറക്കാൻ കഴിയും. നരേന്ദ്ര മോദി ലണ്ടനിൽ പോയപ്പോൾ അവിടെ വച്ചാണ് ആദ്യമായി ഇത് പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പ്രൈവറ്റൈസ് ചെയ്യാനുള്ള ലക്ഷ്യത്തോടുകൂടിയാണ് അന്ന് അദ്ദേഹം അത് മുന്നോട്ടുവെച്ചത്. നരേന്ദ്ര മോദി ചെയ്ത അതേ കാര്യമാണ് പിണറായി വിജയൻ കേരളത്തിലും ചെയ്തത്.

ഈ ഇഷ്യൂ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും ഉയർത്തിക്കൊണ്ടുവന്നത് താനാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *