സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. സിറ്റിങ് എംഎൽഎയും സി.പി.എം സ്ഥാനാർത്ഥിയുമായ ടി.ഐ. മധുസൂദനനെതിരെയാണ് കുഞ്ഞികൃഷ്ണൻ്റെ പടയൊരുക്കം. താൻ തുടങ്ങിവെച്ച അഴിമതി വിരുദ്ധ പോരാട്ടം പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും വലിയ തോതിലുള്ള വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുന്നയിച്ചതിനെത്തുടർന്നാണ് വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഈ വെട്ടിപ്പിൽ പങ്കുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. മധുസൂദനനെ ഒരു ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്നും ഒരു ‘ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ’ ശൈലിയാണ് അദ്ദേഹത്തിന്റേതെന്നും കുഞ്ഞികൃഷ്ണൻ കടുത്ത ഭാഷയിൽ വിമർശിച്ചു. രക്തസാക്ഷി ഫണ്ട് അപഹരിച്ച ഒരാളെ ഇടതുപക്ഷ പ്രതിനിധിയായി അംഗീകരിക്കാൻ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ മാഫിയാ സംഘങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം. ഇടതുപക്ഷ വിരുദ്ധനല്ല താനെന്നും എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുന്നത് പയ്യന്നൂരിലെ സി.പി.എം വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. പയ്യന്നൂരിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണോ അതോ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ യു.ഡി.എഫിൽ ചർച്ചകൾ നടക്കുന്നുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ പയ്യന്നൂരിലും സമാനമായ നീക്കമുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.










