മലയാളത്തിന്റെ ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് ചലച്ചിത്ര ലോകം. സിനിമ മേഖലയിലെ നിരവധി പ്രമുഖർ ശ്രീവാസന് അനുശോചനവുമായി രംഗത്തെത്തി. സൗഹൃദത്തിനപ്പുറം നടൻ ശ്രീനിവാസനുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്ന് നടൻ മോഹന്‍ലാല്‍ അനുസ്മരിച്ചു. ശ്രീനിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ശ്രീനിവാസനെ രാവിലെ അമൃത ആശുപത്രിയില്‍ പോകും വഴി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ കൊണ്ടുപോവുകയായിരുന്നു. മുന്‍പ് അദ്ദേഹത്തെ കാണാനായി അമൃത ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ എനിക്കും അദ്ദേഹത്തിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാല് കാണാനായില്ല.’ എന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
എക്കാലത്തെയും മികച്ച എഴുത്തുകാരില്‍, സംവിധായകരില്‍, നടന്മാരില് ഒരാള്‍ക്ക് വിടയെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞു. തന്റെ ബാല്യകാല സിനിമ ഓര്‍മ്മകളുടെ ഭാഗമാണ് ശ്രീനിവാസനെന്ന് ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. എല്ലാ ചിരികള്‍ക്കും വിനോദങ്ങള്‍ക്കും നന്ദി എന്ന് കുറിച്ച ഇന്ദ്രജിത്ത് ശ്രീനിവാസനെ മിസ് ചെയ്യുമെന്നും കുറിച്ചു.
ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജു വാരിയരും രംഗത്തെത്തി. ശ്രീനിവാസൻ കാലത്തെ അതിജീവിക്കുന്ന പ്രതിഭയാണെന്ന് മഞ്ജു കുറിച്ചു. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി തന്നെ കരയിപ്പിക്കുകയാണ് എന്നും മഞ്ജു പറഞ്ഞു.
മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരിൽ ഒരാൾ, യഥാർത്ഥത്തിൽ സിനിമാറ്റിക് ഇതിഹാസമായ മനുഷ്യനാണ് ശ്രീനിവാസനെന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. എന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനി അങ്കിൾ. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും അനുഗ്രഹമായി കരുതുന്നു. നിങ്ങളുടെ വെളിച്ചം എല്ലാക്കാലവും അണയാതിരിക്കും. വിമല ആന്റിക്കും വിനീതിനും ധ്യാനിനും കുടുംബത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു.
വികാരാധീനയായിട്ടാണ് നടി സംഗീത മാധവൻ ശ്രീനിവാസനെ ഓർത്തെടുത്തത്. മലയാളികൾ ഇന്നും ആഘോഷിക്കുന്ന ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലൂടെ സംഗീതയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് ശ്രീനിവാസനായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായും ഭാഗ്യമായും കരുതുന്നുവെന്ന് സംഗീത അനുസ്മരിച്ചു. ദൈവത്തോടൊപ്പം നന്ദി പറയുന്ന വ്യക്തിയാണ് എനിക്ക് ശ്രീനിവാസനെന്നും സംഗീത പറഞ്ഞു. സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധിപേരാണ് ശ്രീനിവാസന് അനുശോചനമറിയിച്ച് രംഗത്ത് വരുന്നത്.









