തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന പോർട്ടബിൾ വെന്റിലേറ്റർ മെഷീനിൽ നിന്നാണ് തീ പടർന്നത്. അപകടത്തെത്തുടർന്ന് ഐസിയുവിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെന്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ഉണ്ടായതിനെത്തുടർന്ന് വലിയ രീതിയിൽ പുക ഉയർന്നത് ആശുപത്രിയിൽ പരിഭ്രാന്തി പരത്തി. പുക ശ്വസിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടായതോടെയാണ് മുഴുവൻ പേരെയും വാർഡുകളിൽ നിന്ന് മാറ്റാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പുക മാത്രമാണ് അവശേഷിക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒഴിപ്പിച്ച രോഗികളെ നിലവിൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
വെന്റിലേറ്ററിനുള്ളിൽ നിന്ന് തീ പടർന്ന ഉടൻ തന്നെ ഓക്സിജൻ വിതരണം വിച്ഛേദിക്കാൻ സാധിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. പുക പടർന്ന സാഹചര്യത്തിൽ രോഗികളെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആർക്കും പരിക്കുകളോ മറ്റ് അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.










