Home / Uncategorized / ഹൈദരാബാദിൽ നിന്നുള്ള ഉംറ സംഘത്തിലെ 40 പേർ സൗദിയിലെ ബസപകടത്തിൽ മരിച്ചു

ഹൈദരാബാദിൽ നിന്നുള്ള ഉംറ സംഘത്തിലെ 40 പേർ സൗദിയിലെ ബസപകടത്തിൽ മരിച്ചു

സൗദി അറേബ്യയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 40 പേർ മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മക്കയിലെ തീർത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്ന തീർത്ഥാടകരെല്ലാം ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി നടുക്കം രേഖപ്പെടുത്തി. “അപകടത്തെക്കുറിച്ചുള്ള വിവരങ്ങളും തുടർ നടപടികളും നിരീക്ഷിക്കുന്നതിനും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും വിവരങ്ങൾ നൽകുന്നതിനുമായി സെക്രട്ടേറിയറ്റിൽ ഒരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ: +91 79979 59754, +91 99129 19545,” റെഡ്‌ഡിയുടെ ഓഫീസ് ‘എക്സി’ൽ കുറിച്ചു.

ന്യൂഡൽഹിയിലെ തെലങ്കാന ഭവൻ ഉദ്യോഗസ്ഥർ വിദേശകാര്യ മന്ത്രാലയവുമായി അടിയന്തിര യോഗം ചേർന്നു. തെലങ്കാന റസിഡന്റ് കമ്മീഷണർ ഡോ. ശശാങ്ക് ഗോയലിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വിവിധ ഔദ്യോഗിക ചാനലുകൾ വഴിയുള്ള ആദ്യ റിപ്പോർട്ടുകൾ യോഗം വിലയിരുത്തി.

വിദേശകാര്യ മന്ത്രാലയം, റിയാദിലെ ഇന്ത്യൻ എംബസി, സൗദി അധികൃതർ എന്നിവരുമായി നിരന്തരമായ ഏകോപനം ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവരശേഖരണം വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി, തെലങ്കാന ഭവൻ ഓഫീസറെ മുഴുവൻ സമയവും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഓഫീസിൽ നിയോഗിക്കാനും തീരുമാനമായി.

അപകടത്തിൽ തെലങ്കാനയിൽ നിന്നുള്ളവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാനും എല്ലാ ദുരിതാശ്വാസ നടപടികളും വേഗത്തിൽ നടപ്പാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ സൗദി സർക്കാരുമായി ബന്ധപ്പെട്ടെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *