ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ യുടെ വൻ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണനേട്ടങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളുമാണെന്ന് വിലയിരുത്തൽ. ഇവ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയപ്പോൾ, യുവനേതാവ് തേജസ്വി പ്രസാദ് യാദവിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാസഖ്യത്തിലെ (Mahagathbandhan) പ്രധാന കക്ഷിയായ കോൺഗ്രസ് തകർന്നടിഞ്ഞതും എൻഡിഎയുടെ വിജയം എളുപ്പമാക്കി.
200 ൽ അധികം സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുമ്പോൾ, സഖ്യത്തിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും (Janata Dal United) സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. 2020-ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആർജെഡിക്ക് (Rashtriya Janata Dal) ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്; ആർജെഡിയുടെ ലീഡ് 40-ൽ താഴെയായി ചുരുങ്ങുമ്പോൾ, കോൺഗ്രസ് ഒറ്റയക്കത്തിൽ ഒതുങ്ങി.
നിതീഷ് കുമാറിന്റെ ഭരണനേട്ടങ്ങളിൽ ഊന്നിയുള്ള പ്രകടനവും അദ്ദേഹത്തിന്റെ ജനപ്രിയതയുമാണ് എൻഡിഎയുടെ വിജയത്തിന് പ്രധാന കാരണം. സ്ത്രീകൾക്കിടയിൽ നിതീഷിനുള്ള വലിയ സ്വാധീനം പോളിംഗ് ശതമാനത്തിൽ വ്യക്തമായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്.
സഖ്യത്തിലേക്ക് ചിരാഗ് പാസ്വാന്റെ എൽജെപി (റാം വിലാസ്), ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച എന്നിവ തിരിച്ചെത്തിയത് എൻഡിഎയുടെ സാമൂഹിക സമവാക്യം കൂടുതൽ ശക്തമാക്കി. ഏഴ് ശതമാനത്തിലധികം വോട്ടുകൾക്ക് മേൽ സ്വാധീനമുള്ള ഈ പാർട്ടികളുടെ പിന്തുണ, എൻഡിഎയുടെ വിജയം എളുപ്പത്തിലാക്കി. കഴിഞ്ഞ തവണ 43 സീറ്റുകൾ മാത്രം നേടിയ ജെഡിയു ഇത്തവണ 60-65 സീറ്റുകൾക്ക് മുകളിൽ പ്രതീക്ഷിച്ചിരുന്നു. ചിരാഗിന്റെയും കുശ്വാഹയുടെയും വരവ് പരസ്പര വോട്ട് കൈമാറ്റം സാധ്യമാക്കുകയും ജെഡിയുവിനെ വലിയ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
22 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ചിരാഗ് പാസ്വാൻ ഈ തിരഞ്ഞെടുപ്പിലെ വലിയ വിജയികളിൽ ഒരാളാണ്. കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് ശരിയായ തീരുമാനമായിരുന്നുമെന്ന് ചിരാഗ് തെളിയിച്ചു. ഇത് ചിരാഗിനെ സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റും.
തേജസ്വി യാദവ് യുവാക്കൾക്കിടയിൽ തൊഴിൽ എന്ന വിഷയമുയർത്തി ശ്രദ്ധ നേടിയെങ്കിലും, അത് വോട്ടായി മാറിയത് ഒരു വിഭാഗത്തിൽ മാത്രമായി ചുരുങ്ങി. നിതീഷിന്റെ ക്ഷേമപദ്ധതികൾക്കെതിരെ തീകോരിയിടാൻ തേജസ്വിയുടെ വാഗ്ദാനങ്ങൾക്കായില്ല. മുസ്ലീം-യാദവ് (M-Y) നേതാവെന്ന ഇമേജിൽ നിന്ന് പുറത്തുവരാനും കഴിഞ്ഞില്ല. വികസനവും സാമൂഹിക നീതിയും കൂട്ടിക്കലർത്തിയ നിതീഷ് കുമാറിന്റെ പരീക്ഷിച്ചറിഞ്ഞ രാഷ്ട്രീയ തന്ത്രത്തിന് പിന്നിൽ തേജസ്വി ബഹുദൂരം പിന്നിലായി.
2020-ൽ 70 സീറ്റുകളിൽ മത്സരിച്ച് 19 സീറ്റ് നേടിയ കോൺഗ്രസ് മഹാസഖ്യത്തിന്റെ സാധ്യതകളെ തകർത്തിരുന്നു. ഇത്തവണ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലേക്ക് ഒതുങ്ങിയത് മഹാസഖ്യത്തിന് വൻ തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് മോഷണം’ (Vote Chori) ആരോപണം വോട്ടർമാർക്കിടയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ലെന്ന് വേണം അനുമാനിക്കാൻ.
മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ല.
അതേസമയം പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണമാണ് (SIR) എൻഡിഎ യ്ക്ക് മികച്ച വിജയം സമ്മാനിച്ചതെന്ന വാദങ്ങളുമുണ്ട്. മൊത്തം 47.13 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്. ബിഹാറിൽ പ്രായപൂർത്തിയായവരുടെ സംഖ്യ 8.25 കോടി എന്നാണ് കണക്ക്. വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർ അതിന്റെ 5.7 ശതമാനം വരും.
പേരു വെട്ടിയവരിൽ മറ്റ് സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നവർ ലക്ഷകണക്കിന് വരും. അത്തരം തൊഴിലാളികളിൽ മഹാഭൂരിപക്ഷവും തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ SIR (Special Intensive Revision) നെപ്പറ്റി അറിഞ്ഞിട്ടു കൂടിയില്ല എന്ന് കാണിക്കുന്ന സർവേ ഉണ്ട്. ബിജെപിക്ക് താത്പര്യമില്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പരമാവധി ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്. എൻഡിഎ യുടെ വിജയം ഇതുമായി കൂടി ചേർത്ത് വായിക്കണം.
ലയന സജീവ്










