Home / Uncategorized / ഐഎഫ്എഫ്കെ 2025: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ഐഎഫ്എഫ്കെ 2025: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പ്രദർശിപ്പിക്കേണ്ട 19 ചിത്രങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച നടപടിയെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി സാംസ്‌കാരിക കടന്നുകയറ്റവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഫാസിസ്റ്റ് കടന്നാക്രമണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന്ന്നും അദ്ദേഹം പറഞ്ഞു

അനുമതി നിഷേധിക്കപ്പെട്ടവയിൽ വിഖ്യാത ക്ലാസിക് ചിത്രം ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ ഉൾപ്പെട്ടതിനെ അതിശയകരം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. നൂറ് വർഷം പഴക്കമുള്ള, ലോകം മുഴുവൻ ആദരിക്കുന്ന ഒരു നിശബ്ദ ചിത്രത്തെ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേന്ദ്രം മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കലയെ കൂട്ടിലടയ്ക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. ഇഷ്ടമില്ലാത്തവയെ നിരോധിക്കുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിനെക്കുറിച്ചുള്ള ചിത്രങ്ങൾ വിലക്കിയത്, രാജ്യം പലസ്തീനൊപ്പം നിൽക്കുന്നതിൽ കേന്ദ്രസർക്കാരിനുള്ള അസഹിഷ്ണുതയാണ് വെളിവാക്കുന്നത്.

ചലച്ചിത്രമേളകൾ എന്ത് പ്രദർശിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിനും ഫെസ്റ്റിവൽ ഡയറക്ടറേറ്റിനുമാണ്. ഇതിൽ കൈകടത്തുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

1925-ൽ പുറത്തിറങ്ങിയ സെർജി ഐസൻസ്റ്റീന്റെ ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ വിപ്ലവവീര്യം പകരുന്ന ചിത്രമാണെങ്കിലും, നൂറ്റാണ്ടിനിപ്പുറവും അത് നിരോധിക്കപ്പെടുന്നത് ചരിത്രനിഷേധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാംസ്കാരിക കേരളം ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *