വിവാദമായ ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി. കേസിൽ ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ആശ്വാസം. കെജ്രിവാളിനെയും സിസോദിയയെയും ഡൽഹി സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇരുവരും ഉൾപ്പെടെ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
റോസ് അവന്യൂ സിബിഐ കോടതിയിലെ സ്പെഷ്യൽ ജഡ്ജി ജിതേന്ദ്ര സിംഗാണ് ഇരുവരെയും പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഗൂഢാലോചനയെക്കുറിച്ചുള്ള സി.ബി.ഐയുടെ വാദങ്ങൾ വെറും അനുമാനങ്ങൾ മാത്രമാണെന്നും അവയ്ക്ക് നിയമപരമായ നിലനിൽപ്പില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിൽ വന്ന വീഴ്ചകൾക്ക് സി.ബി.ഐയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വിധി അറിഞ്ഞ കെജ്രിവാൾ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി. സത്യം വിജയിച്ചുവെന്നും ബി.ജെ.പി തങ്ങൾക്കെതിരെ മെനഞ്ഞ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതോടെ തകർന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെജ്രിവാളിനും സിസോദിയയ്ക്കും മാസങ്ങളോളം ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു. കേസിലെ വിധിയും കോടതിയുടെ രൂക്ഷ വിമർശനവും സി.ബി.ഐയ്ക്കും കേന്ദ്ര സർക്കാരിനും തിരിച്ചടി ആയിരിക്കുകയാണ്.










