Home / Uncategorized / ‘നീതി അടച്ചിട്ട വാതിലിന് പിന്നിൽ കരയുകയാണ്,’ സുപ്രീം കോടതിയിൽ വൈകാരികമായി വാദിച്ച് മമത ബാനർജി

‘നീതി അടച്ചിട്ട വാതിലിന് പിന്നിൽ കരയുകയാണ്,’ സുപ്രീം കോടതിയിൽ വൈകാരികമായി വാദിച്ച് മമത ബാനർജി

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെ (എസ്.ഐ.ആർ) ചോദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സുപ്രീം കോടതിയിൽ ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരുന്നു മമതയുടെ വാദങ്ങൾ. “നീതി അടച്ചിട്ട വാതിലിന് പിന്നിൽ കരയുകയാണ്” എന്ന രൂക്ഷമായ പരാമർശത്തോടെയാണ് മമത തന്റെ വാദങ്ങൾ തുടങ്ങിയത്.

തന്റെ കേസ് അവതരിപ്പിക്കാൻ അഞ്ച് മിനിറ്റ് അനുവദിക്കണമെന്ന് മമത ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ച കോടതി മമതയ്ക്ക് 15 മിനിറ്റ് സമയം അനുവദിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിശക്തമായ ആരോപണങ്ങളാണ് മമത സഭയിൽ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് താൻ ആറ് തവണ കത്തെഴുതിയിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും എവിടെ നിന്നും നീതി ലഭിക്കുന്നില്ലെന്നും മമത കോടതിയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാളിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് വോട്ടർ പട്ടിക പുതുക്കുന്ന നടപടികളുമായി കമ്മീഷൻ മുന്നോട്ട് പോകുന്നതെന്ന് മമത ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഡോമിസൈൽ സർട്ടിഫിക്കറ്റുകളും ജാതി സർട്ടിഫിക്കറ്റുകളും രേഖയായി അംഗീകരിക്കുമ്പോൾ ബംഗാളിൽ മാത്രം എന്തുകൊണ്ടാണ് ആധാർ കാർഡ് സ്വീകാര്യമല്ലാത്തതെന്ന് അവർ ചോദിച്ചു.

24 വർഷത്തിന് ശേഷം കേവലം മൂന്ന് മാസത്തിനുള്ളിൽ ഇത്തരമൊരു നടപടി പൂർത്തിയാക്കാൻ കമ്മീഷൻ കാണിക്കുന്ന ധൃതി സംശയാസ്പദമാണെന്നും മമത വാദിച്ചു. പേരുകളിലെ അക്ഷരപ്പിശകിന്റെയും ഭാഷാപരമായ പ്രശ്നങ്ങളുടെയും പേരിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് അവർ കോടതിയോട് അഭ്യർത്ഥിച്ചു. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, കവി ജോയ് ഗോസ്വാമി, തൃണമൂൽ എം.പി ദീപക് അധികാരി തുടങ്ങിയ പ്രമുഖർക്ക് പോലും അനാവശ്യമായി എസ്.ഐ.ആർ നോട്ടീസുകൾ അയക്കുന്നുണ്ടെന്ന് മമത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കോടതി മമതയുടെ വാദങ്ങൾ കേട്ട കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. നോട്ടീസുകൾ അയക്കുമ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ വിവേകം കാണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വോട്ടർ പട്ടിക പുതുക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് നൂറിലധികം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മരിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്ത കാര്യവും മമത കോടതിയിൽ ഉന്നയിച്ചു. വാദങ്ങളുടെ ഒടുവിൽ കൈകൾ കൂപ്പി വൈകാരികമായാണ് മമത കോടതിയിൽ സംസാരിച്ചത്. “ദയവായി ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം” എന്ന് അവർ അപേക്ഷിച്ചു. കേസിൽ അടുത്ത വാദം തിങ്കളാഴ്ച നടക്കും. ബംഗാൾ സർക്കാർ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്തുന്ന കാര്യം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *