Home / Politics / ‘ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസി,’ വി ഡി സതീശന്റെ പരാമർശത്തോട് പ്രതികരിച്ച് കെ എൻ ബാലഗോപാൽ

‘ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസി,’ വി ഡി സതീശന്റെ പരാമർശത്തോട് പ്രതികരിച്ച് കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച വിമർശനങ്ങളെ തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിൽ ‘പൂച്ച പെറ്റു കിടക്കുകയാണെന്ന’ സതീശന്റെ പരിഹാസത്തിന് അതേ നാണയത്തിൽ തന്നെയാണ് മന്ത്രി തിരിച്ചടി നൽകിയത്. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി നിലവിൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജീവനക്കാരുടെ ഡി.എ. കുടിശ്ശികയുടെ ആദ്യ ഗഡു തീർക്കുന്നതിനായി പതിനായിരം കോടി രൂപ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. കണക്കുകൾ അറിയാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാവ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്, മറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ നീക്കം മാത്രമാണിതെന്നും മന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബി.ജെ.പി ഡീൽ ആരോപണം

ഇടതുമുന്നണി ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നു എന്ന ആരോപണത്തെയും ധനമന്ത്രി ശക്തമായി പ്രതിരോധിച്ചു. ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കുന്ന പതിവ് എൽ.ഡി.എഫിനില്ലെന്നും അത് കോൺഗ്രസിന്റെ ശൈലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലയിടങ്ങളിലും ബി.ജെ.പിക്ക് വോട്ട് മറിക്കുന്നത് കോൺഗ്രസാണെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് വ്യക്തമായതാണെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് ഇത്തരം ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ ഇത് എൽ.ഡി.എഫിനെ ബാധിക്കില്ല. ഇത്തവണ ഇടതുമുന്നണിക്ക് വോട്ട് വർധിക്കുമെന്നും യു.ഡി.എഫിലെ അണികൾ പോലും എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *