Home / Uncategorized / ‘മികച്ച നടനേക്കാൾ ഉപരി, നല്ലൊരു മനുഷ്യൻ,’ ശ്രീനിവാസനെക്കുറിച്ച് ഓർമ്മകൾ പങ്കുവച്ച് രജനികാന്ത്

‘മികച്ച നടനേക്കാൾ ഉപരി, നല്ലൊരു മനുഷ്യൻ,’ ശ്രീനിവാസനെക്കുറിച്ച് ഓർമ്മകൾ പങ്കുവച്ച് രജനികാന്ത്

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ സിനിമാലോകം വിതുമ്പുമ്പോൾ, തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തുമായി അദ്ദേഹം പുലർത്തിയിരുന്ന ആഴമേറിയ സൗഹൃദത്തിന്റെ ഓർമ്മകൾ വീണ്ടും ചർച്ചയാകുന്നു. ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ ഇരുവരുടെയും ബന്ധം സിനിമയ്ക്കും അപ്പുറമായിരുന്നു.

താൻ രജനികാന്തിനെ കരയിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘കഥ പറയുമ്പോൾ’ എന്ന ചിത്രം കണ്ടതിന് ശേഷമായിരുന്നു ആ സംഭവം.

ചിത്രം കണ്ട പ്രശസ്ത തമിഴ് സംവിധായകൻ പി. വാസു നിർദ്ദേശിച്ചതനുസരിച്ചാണ് രജനികാന്ത് ആ സിനിമ കാണാനെത്തിയത്. അന്ന് മുംബൈയിലായിരുന്ന രജനികാന്ത് പ്രിവ്യൂ തിയേറ്ററിൽ എത്തിയപ്പോൾ സിനിമ അവസാനിക്കാറായിരുന്നു. ചിത്രം കണ്ടിറങ്ങിയ രജനികാന്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് ശ്രീനിവാസൻ ഓർക്കുന്നു.

വികാരാധീനനായ രജനികാന്ത് ശ്രീനിവാസനെ ഏറെ നേരം കെട്ടിപ്പിടിക്കുകയും “നീ എന്നെ കരയിപ്പിച്ചു കളഞ്ഞു” എന്ന് പറയുകയും ചെയ്തു. 2008-ൽ നൽകിയ ഒരഭിമുഖത്തിലാണ് ശ്രീനിവാസൻ ഈ ഹൃദ്യമായ അനുഭവം പങ്കുവെച്ചത്. പിൽക്കാലത്ത് ഈ ചിത്രം ‘കുസേലൻ’ എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ സൂപ്പർസ്റ്റാർ അശോക് രാജിന്റെ വേഷം ചെയ്തത് രജനികാന്ത് തന്നെയായിരുന്നു.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന്റെ സീനിയറായിരുന്നു രജനികാന്ത്. അന്ന് ശിവാജി റാവു ഗെയ്ക്‌വാദ് എന്ന ആ പഴയ സുഹൃത്ത് പിന്നീട് ലോകം ആരാധിക്കുന്ന രജനികാന്ത് എന്ന മഹാനടനമായി മാറുമെന്ന് താൻ അന്ന് കരുതിയിരുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ രജനികാന്ത്, തനിക്ക് പ്രിയപ്പെട്ട സഹപാഠിയെയും സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് കുറിച്ചു. മികച്ച നടനും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം ഓർമ്മിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *