Home / Uncategorized / ‘രാജ്യത്തെ സേവിക്കാനുള്ള അവസരം, അധികാരത്തിന്റെ പദവിയായി കണ്ടിട്ടില്ല,’ യാത്ര അയപ്പ് പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി

‘രാജ്യത്തെ സേവിക്കാനുള്ള അവസരം, അധികാരത്തിന്റെ പദവിയായി കണ്ടിട്ടില്ല,’ യാത്ര അയപ്പ് പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി

തൻ്റെ ഔദ്യോഗിക പദവി ഒരിക്കലും അധികാര സ്ഥാനമായി കണ്ടിട്ടില്ലെന്നും, രാഷ്ട്രത്തെയും സമൂഹത്തെയും സേവിക്കാനുള്ള അവസരമായിട്ടാണ് കണ്ടതെന്നും യാത്ര അയപ്പ് പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI) ബി.ആർ. ഗവായി. അദ്ദേഹം നവംബർ 23-ന് വിരമിക്കും.

“ഒരു അഭിഭാഷകൻ എന്ന നിലയിലും, പിന്നീട് ഹൈക്കോടതി ജഡ്ജി, സുപ്രീം കോടതി ജഡ്ജി എന്നീ നിലകളിലും, ഈ പദവി അധികാരത്തിന്റെ ഓഫീസല്ല, മറിച്ച് സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമാണെന്നാണ് എപ്പോഴും വിശ്വസിച്ചിട്ടുള്ളത്,” അദ്ദേഹം പറഞ്ഞു.

1985-ൽ നിയമപഠനത്തിന് തുടക്കമിട്ട താൻ, ഇന്ന് ഈ പദവി ഒഴിയുമ്പോൾ നീതിയുടെ വിദ്യാർത്ഥിയായിട്ടാണ് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ബി.ആർ. അംബേദ്കറിൻ്റെ വാക്കുകളിൽ നിന്നും 1949 നവംബർ 25-ലെ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ നിന്നും താൻ പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് ജസ്റ്റിസ് ഗവായി അനുസ്മരിച്ചു. ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള അംബേദ്കറിൻ്റെ ഔദ്യോഗികമായ അവസാനത്തെ പ്രസംഗമായിരുന്നു അത്.

പരിസ്ഥിതി, വന്യജീവി സംരക്ഷണം തുടങ്ങിയ തൻ്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന വിഷയങ്ങളിൽ നീതി നടപ്പാക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഹൈക്കോടതിയിൽ തൻ്റെ ആദ്യ വിധി പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും, സുപ്രീം കോടതിയിലെ അവസാന വിധി ആരവല്ലി കുന്നുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിഷയമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു.

സുപ്രീം കോടതിയെ ഒരൊറ്റ സ്ഥാപനമായാണ് താൻ കണ്ടതെന്നും, ചീഫ് ജസ്റ്റിസ് എന്ന നിലയിൽ താൻ എടുത്ത എല്ലാ തീരുമാനങ്ങളും സഹപ്രവർത്തകരായ ജഡ്ജിമാരുമായി കൂടിയാലോചിച്ച ശേഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്ടികജാതി വിഭാഗത്തിൽ നിന്നും ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് (ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം) ജസ്റ്റിസ് ഗവായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ബുദ്ധമതക്കാരനായ ജഡ്ജി കൂടിയാണ് അദ്ദേഹം. ആറ് മാസവും കുറച്ച് ആഴ്ചകളുമായിരുന്നു അദ്ദേഹത്തിൻ്റെ കാലാവധി. ബോംബൈ ഹൈക്കോടതി യിൽ നിന്നും 2019 ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *