Home / Uncategorized / ബെർലിൻ പ്രസംഗത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ‘ഇന്ത്യ വിരുദ്ധൻ’ എന്ന് ബിജെപി

ബെർലിൻ പ്രസംഗത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ‘ഇന്ത്യ വിരുദ്ധൻ’ എന്ന് ബിജെപി

ജർമ്മനിയിലെ ബെർലിനിൽ നടത്തിയ പ്രഭാഷണത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണെന്നും വോട്ട് ചോരി വഴി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബെർലിനിലെ ഹെർട്ടി സ്കൂളിൽ “രാഷ്ട്രീയം എന്നത് കേൾക്കാനുള്ള കലയാണ്” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഫോഴ്‌സ്‌മെന്റ് ഡയറക്റേറ്റ് (ED), സിബിഐ (CBI) തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റി. ബിജെപി നേതാക്കൾക്കെതിരെ ഈ ഏജൻസികൾക്ക് കേസുകളില്ലെന്നും എന്നാൽ പ്രതിപക്ഷത്തെ തകർക്കാൻ ഇവ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോരി ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും ഇരട്ട വോട്ടുകൾക്കും തെളിവുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം വലിയ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്ത് വലിയ അശാന്തിക്കും ജനങ്ങൾ തമ്മിലുള്ള സംഘർഷത്തിനും കാരണമാകുമെന്നും അദ്ദേഹം വിമർശിച്ചു.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. വിദേശമണ്ണിൽ പോയി സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ‘ഇന്ത്യ വിരുദ്ധ’ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെ കുറ്റപ്പെടുത്തി. ഭാരതത്തെ സ്നേഹിക്കുന്ന ആരെങ്കിലും രാജ്യം പരാജയപ്പെടുമെന്ന് പറയുമോ എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. കോൺഗ്രസ് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ജർമ്മനി സന്ദർശനത്തിനിടെ പ്രവാസികളുമായും വിദ്യാർത്ഥികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *