ചെങ്കോട്ട സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്ഫോടനത്തിന്റെ അന്വേഷണം ഡൽഹി പോലീസിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി (NIA)ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് എൻഐഎയും സംശയിക്കുന്നത്.
സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ ഉൻ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. ഇയാൾ സംഭവത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും കസ്റ്റഡിയിലെടുത്തുണ്ട്. മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ ഇവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൂന്ന് ഡോക്ടർമാരെക്കൂടി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കശ്മീർ ബന്ധമുള്ള ‘വൈറ്റ് കോളർ’ തീവ്രവാദ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കുന്നതിനിടെയാണ് കൂടുതൽ പേർ കസ്റ്റഡിയിലായത്. മുസമ്മിൽ ഷക്കീൽ, ഉമർ മുഹമ്മദ്, ഷഹീൻ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായ ഡോക്ടർമാർ. മുസമ്മിലും ഉമറും കാശ്മീർ സ്വദേശികളും, ഷഹീൻ ലഖ്‌നൗ സ്വദേശിയുമാണ്. ഇവർ മൂവരും ഫരീദാബാദിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ചാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന തീവ്രവാദ ശൃംഖല പ്രവർത്തിച്ചിരുന്നത്. ഇവർ എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ചാനലുകൾ വഴി ഏകോപിപ്പിച്ച്, ഭീകര പ്രവർത്തനങ്ങൾക്കായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മുസമ്മിലിന്റെ പേര് ഉയർന്നുവന്നത്. ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏകദേശം 2,900 കിലോഗ്രാം സാമഗ്രികളും മറ്റ് സംശയാസ്പദമായ വസ്തുക്കളും മുസമ്മിൽ ഫരീദാബാദിൽ വാടകയ്‌ക്കെടുത്ത രണ്ട് മുറികളിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. യൂണിവേഴ്‌സിറ്റി കാമ്പസിൽ താമസിച്ചിരുന്നിട്ടും മുസമ്മിൽ ഈ മുറികൾ വാടകയ്ക്ക് എടുത്തിരുന്നു.
നേരത്തെ അറസ്റ്റിലായ ഡോക്ടർമാരുമായി ബന്ധമുള്ളവരാണ് ഇപ്പോൾ കസ്റ്റഡിയിലായ മൂന്നു ഡോക്ടർമാരും. സ്ഫോടനത്തിന് തൊട്ടുമുമ്പ് ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഈ മൊഡ്യൂളുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഭീകരാക്രമണമായാണ് കേസ് പരിഗണിക്കുന്നത്. യുഎപിഎ (Unlawful Activities (Prevention) Act), സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.










