Home / Uncategorized / പിതാവിനേക്കാൾ കർക്കശക്കാരൻ, യാഥാസ്ഥിതികൻ; ആരാണ് ഇറാന്റെ പുതിയ നേതാവ് മുജ്തബ ഹുസൈനി ഖമേനി?

പിതാവിനേക്കാൾ കർക്കശക്കാരൻ, യാഥാസ്ഥിതികൻ; ആരാണ് ഇറാന്റെ പുതിയ നേതാവ് മുജ്തബ ഹുസൈനി ഖമേനി?

ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഹുസൈനി ഖമേനി, പിതാവിനേക്കാൾ കടുത്ത യാഥാസ്ഥിതിക നിലപാടുകാരനായാണ് അറിയപ്പെടുന്നത്. അലി ഖമേനിയുടെ രണ്ടാമത്തെ മകനായ 56-കാരൻ മുജ്തബയെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെർട്ട്സാണ് ഈ ഉന്നത പദവിയിലേക്ക് നിയോഗിച്ചത്. ഇറാന്റെ ഔദ്യോഗിക രാഷ്ട്രീയ-സൈനിക മേഖലകളിൽ വർഷങ്ങളായി ശക്തമായ സ്വാധീനമുണ്ടായിരുന്നെങ്കിലും ഇത്രയും കാലം നിഴൽരൂപമായി പ്രവർത്തിക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടിരുന്നത്. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ശക്തമായ പിന്തുണയാണ് മുജ്തബയുടെ ഈ അധികാരലബ്ധിക്ക് പിന്നിലെ പ്രധാന ഘടകമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1969-ൽ മഷാദിൽ ജനിച്ച മുജ്തബ, 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം പിതാവ് അധികാരത്തിന്റെ ഉന്നതശ്രേണിയിലേക്ക് എത്തിയതോടെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധിക്ക്കാൻ തുടങ്ങിയത്. പിന്നീട് പിതാവിന്റെ ഓഫീസിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിച്ചിരുന്നതും രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്നതും ഇദ്ദേഹമായിരുന്നു. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഹബീബ് ബറ്റാലിയനിൽ സേവനമനുഷ്ഠിച്ച മുജ്തബയ്ക്ക് സൈന്യവുമായി അടുത്ത ബന്ധമാണുള്ളത്. 2019-ൽ യുഎസ് ട്രഷറി വകുപ്പ് ഇദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഇദ്ദേഹം വഹിച്ച പങ്കും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മതപരമായ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും മുജ്തബ ഇതുവരെ ‘ആയത്തുല്ല’ എന്ന ഉയർന്ന പദവി നേടിയിട്ടില്ല. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമയാണ് ഇദ്ദേഹമെന്ന് ബ്ലൂംബെർഗ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇതിന് സ്ഥിരീകരണമില്ല. ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഇനി മുജ്തബയുടെ കൈകളിലായിരിക്കും. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ നേതൃമാറ്റം കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *