അതിജീവനത്തിന്റെ വിജയഗാഥ പാടിയ വയനാടൻ ജനതയ്ക്ക് പുത്തൻ ഉണർവേകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ഉരുൾപ്പൊട്ടലിന്റെ ആഘാതം തനിക്ക് അങ്ങേയറ്റം ഹൃദയഭേദകമായിരുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ചൂരൽമല- മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കലിടൽ നിർവഹിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇത് രണ്ടാം തവണയാണ് ഒരു ഉരുൾപൊട്ടൽ ദുരന്തത്തിന് താൻ സാക്ഷിയാകുന്നതെന്നും, എന്നാൽ രണ്ട് തവണയും തന്നെ അത്ഭുതപ്പെടുത്തിയത് വയനാട്ടുകാരുടെ അചഞ്ചലമായ മനോധൈര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രായഭേദമന്യേ, രാഷ്ട്രീയമോ ജാതിയോ നോക്കാതെ ഒരു ജനത ഒന്നടങ്കം ഈ ദുരന്തത്തെ നേരിടാൻ മുന്നിട്ടിറങ്ങിയത് ലോകത്തിന് തന്നെ മാതൃകയാണ്. കൺമുന്നിൽ തന്റെ കുടുംബം മുഴുവൻ ഒഴുകിപ്പോകുന്നത് കണ്ട ഒരു കൊച്ചുബാലനെ താൻ ഇന്നും ഓർക്കുന്നുണ്ടെന്നും, അത്യന്തം മനോഹരമായ ഈ മലനിരകൾ പെട്ടെന്നൊരു ദിവസം ദുരന്തഭൂമിയായി മാറുന്നത് നേരിട്ട് കാണേണ്ടി വന്നത് വലിയ വേദനയാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വയനാട് തളർന്നില്ല. ആത്മവീര്യവും ധൈര്യവും കൈവിടാതെ തന്നെ മറ്റുള്ളവരോടുള്ള കരുണയും സ്നേഹവും ഇവിടുള്ളവർ മുറുകെ പിടിച്ചു.
ഇന്ന് നടക്കുന്നത് വെറുമൊരു ചടങ്ങല്ലെന്നും, ഒരു കുടുംബമെന്ന നിലയിൽ വയനാടിനൊപ്പം എന്നും താനുണ്ടാകുമെന്നതിന്റെ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിലെ കോൺഗ്രസ് ഘടകകക്ഷികൾക്കൊപ്പം മുസ്‌ലീം ലീഗ് പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
പ്രസംഗത്തിനിടെ തന്റെ സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുമായുണ്ടായ ഒരു ചെറിയ പിണക്കത്തെക്കുറിച്ചും അദ്ദേഹം തമാശ രൂപേണ പരാമർശിച്ചു. ഇന്നലെ തന്നോട് സംസാരിക്കാതിരുന്ന പ്രിയങ്ക വയനാട്ടിലെത്തിയപ്പോൾ പിണക്കം മറന്ന് സംസാരിച്ചു തുടങ്ങിയെന്നും, അത് ഈ മണ്ണിന്റെ മാന്ത്രികതയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് വരുന്നത് എപ്പോഴും തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്ന് പറഞ്ഞാണ് വയനാടിന്റെ മുൻ എംപി കൂടിയായ രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.










