Home / Politics / ‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും, എൽഡിഎഫിലെയും എൻഡിഎയിലെയും ഘടക കക്ഷികൾ ഉണ്ടായെന്ന് വരാം,’ സതീശൻ

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും, എൽഡിഎഫിലെയും എൻഡിഎയിലെയും ഘടക കക്ഷികൾ ഉണ്ടായെന്ന് വരാം,’ സതീശൻ

നിയമസഭ തെരഞ്ഞെടുപ്പാകുമ്പോൾ യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിക്ക് അപ്പുറത്ത് ഒരുപാട് വിഭാഗം ജനങ്ങളെയും ഒപ്പീനിയന്‍ മേക്കേഴ്‌സും ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ലാറ്റ്‌ഫോമാണ് മുന്നണിയെന്നും അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്തമായ യുഡിഎഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതൊക്കെ രാഷ്ട്രീയ തീരുമാനമാണ്. കോണ്‍ഗ്രസിലേക്ക് ഒരാളെ കൊണ്ടു വരാന്‍ കെപിസിസിയാണ് തീരുമാനിക്കേണ്ടത്. യുഡിഎഫിലേക്ക് ആരെയെങ്കിലും കൊണ്ടുവരുന്നത് യുഡിഎഫ് നേതൃത്വം തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയിച്ചെന്നു കരുതി എല്ലാം ആയെന്ന് യുഡിഎഫ് കരുതുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം.

യുഡിഎഫിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നന്നായി ചെയ്തതു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിയമസഭാ തെരഞ്ഞെടെപ്പില്‍ ഇപ്പോള്‍ ചെയ്തതിനെക്കാള്‍ വലിയ ജോലിയാണ് അവരെ ഏല്‍പ്പിക്കാന്‍ പോകുന്നത്. അത് അവര്‍ ഭംഗിയായി ചെയ്യുമെന്ന ആത്മവിശ്വാസമുണ്ട്. മുന്നണിയുടെ അടിത്തറ പല രീതിയില്‍ വിപുലീകരിക്കും. അതില്‍ ചിലപ്പോള്‍ എല്‍ ഡി എഫിലെയും എന്‍ഡിഎയിലെയും ഘടകകക്ഷികളുണ്ടാകും. ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. അതൊക്കെ കാത്തിരുന്ന് കാണം. ഇതൊക്കെ ഇപ്പോഴെ പറഞ്ഞാല്‍ സസ്‌പെന്‍സ് പോകുമെന്നും സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *