സംസ്ഥാനത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ രാഷ്ട്രീയ തരംഗമായി മാറുന്നു. കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ച് കണ്ണൂരിലൂടെ മുന്നേറുന്ന ജാഥയ്ക്ക് ലഭിക്കുന്ന സ്വീകരണം, കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത യുഡിഎഫ് വോട്ടർമാർക്ക് പുറമെ, സിപിഎം പ്രവർത്തകരിൽ നിന്നുപോലും ജാഥയ്ക്ക് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണ രാഷ്ട്രീയ നിരീക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ്.
ഭാവി കേരളം എങ്ങനെയാണെന്ന് രൂപപ്പെടുത്താൻ വേണ്ടിയുള്ളതാണ് യാത്ര. യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായിട്ടാണ് യാത്രയ്ക്ക് പിന്തുണ നൽകുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം പി, ചാണ്ടി ഉമ്മൻ, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎം ഹസ്സൻ, തുടങ്ങിയ നേതാക്കൾ പലയിടങ്ങളിലായി ജാഥയെ അനുഗമിക്കുന്നുണ്ട്. കെ സി വേണുഗോപാൽ, കെ മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ജാഥയുടെ ഉദ്ഘാടന വേദിയിൽ എത്തിയിരുന്നു.
കേരളത്തിന്റെ വികസനത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന പൊതുബോധം ജനങ്ങൾക്കിടയിൽ വളരുന്നതായി ജാഥയ്ക്ക് സ്വീകരണം ലഭിക്കുന്ന ഇടങ്ങളിലെ വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നു. അഴിമതി ആരോപണങ്ങളും ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പടെയുള്ള വിവാദങ്ങളും സർക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സിപിഎമ്മിനുള്ളിലെ ജീർണ്ണതയും നേതാക്കളുടെ അതിരു കവിഞ്ഞ സ്വത്ത് സമ്പാദനവും സമ്പാദ്യവും സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികളെപ്പോലും ജാഥയുടെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നു.
വടക്കൻ കേരളത്തിലെ സിപിഎം കോട്ടകളിൽ പോലും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വികാരം ശക്തമാണ്. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു സിപിഎം നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഉയർത്തിയ വിവാദങ്ങൾ. ഈ മേഖലയിലെ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടം സന്നിഹിതരായിരുന്നു. യുവാക്കൾ ആവേശജ്ജോലമായ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ നേതാവിനെ സ്വീകരിക്കുന്നത്.
കാസർകോട്, കണ്ണൂർ ജില്ലകളിലായി എട്ട് മണ്ഡലങ്ങളിലൂടെ ഇതിനകം കടന്നുപോയ ജാഥ തിരഞ്ഞെടുപ്പ് ഫലത്തിലും വലിയ മാറ്റങ്ങളുടെ ദിശാസൂചകമാവുകയാണ്. മഞ്ചേശ്വരം, കാസർകോട്, കണ്ണൂർ തുടങ്ങിയ മണ്ഡലങ്ങളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം ലഭിക്കുമ്പോൾ, കരിവെള്ളൂരും പയ്യന്നൂരും പോലുള്ള ഇടത് കോട്ടകളിൽ പോലും വലിയ വിള്ളലുകൾ വീണിട്ടുണ്ട്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ചെലുത്തിയ സ്വാധീനം വോട്ടുകളായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ കണക്കുകളും യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നതായാണ് കാണിക്കുന്നത്.
പ്രധാനമായും മൂന്ന് ഘടകങ്ങളാണ് സതീശന്റെ ജാഥയ്ക്ക് കരുത്തേകുന്നത്: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ പരാജയത്തോടുള്ള ജനരോഷം, ശബരിമല വിഷയത്തിൽ ഹൈന്ദവ വോട്ടർമാർക്കിടയിൽ ഉണ്ടായ ധ്രുവീകരണം, ന്യൂനപക്ഷ വോട്ടുകൾ ഏകീകൃതമായി യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കുന്നത് എന്നിവയാണത്.
ജാഥയുടെ ഓരോ കേന്ദ്രത്തിലും വി ഡി സതീശനെ ചുമലിലേറ്റിയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്. ഇത് അദ്ദേഹത്തെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങൾ അംഗീകരിക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജനകീയ മുന്നേറ്റം കേരള രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.









