Home / Politics / ‘അയല്‍ സംസ്ഥാനത്ത് കാര്‍ ഫാക്ടറി വരുമ്പോള്‍ കേരളത്തില്‍ വന്നത് മിന്നല്‍ ബ്രാന്‍ഡി,’ കെസി വേണുഗോപാല്‍

‘അയല്‍ സംസ്ഥാനത്ത് കാര്‍ ഫാക്ടറി വരുമ്പോള്‍ കേരളത്തില്‍ വന്നത് മിന്നല്‍ ബ്രാന്‍ഡി,’ കെസി വേണുഗോപാല്‍

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാര്‍ ഫാക്ടറിയും ഐടി ഹബ്ബും എ ഐ ടെക്‌നോളജിയും വരുമ്പോള്‍ കേരളത്തില്‍ വന്നത് ‘മിന്നല്‍ മാജിക് ‘ ബ്രാന്‍ഡി ഇറക്കി പിണറായി സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

‘പിണറായിക്കാലം തീവിലക്കാലം, കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അമ്മമാര്‍ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഏതു സര്‍ക്കാരിന്റെ കാലത്തും വിലക്കയറ്റം ഉണ്ടാകാമെങ്കിലും അതിനെ നിയന്ത്രിക്കുന്നതിലാണ് പ്രാധാന്യം. അതിന് കമ്പോളത്തില്‍ ഇടപെടണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 13 അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തി വില നിയന്ത്രിച്ചു. ഇന്ധനവില കേന്ദ്രം വര്‍ദ്ധിപ്പിച്ച ഘട്ടത്തില്‍ അത് കുറയ്ക്കാന്‍ നടപടി എടുത്തു. വീട്ടമ്മാരുടെ വേദന സ്വന്തം വേദനായി കാണുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി പിണറായി സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിച്ചില്ലെന്നു മാത്രമല്ല, പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്തുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *