തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം പിടിച്ചെടുത്ത് എൻഡിഎ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. പാലക്കാട് നഗരസഭയ്ക്ക് ശേഷം ബിജെപി ഭരണം പിടിക്കുന്ന രണ്ടാമത്തെ പ്രധാന നഗരസഭയായി തൃപ്പൂണിത്തുറ മാറി.
കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിരുന്ന തൃപ്പൂണിത്തുറയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഫലം വന്നപ്പോൾ 21 സീറ്റുകൾ നേടി എൻഡിഎ കേവല ഭൂരിപക്ഷം ഉറപ്പിച്ചു. എൽഡിഎഫ് 20 സീറ്റുകൾ നേടി തൊട്ടുപിന്നിലെത്തിയപ്പോൾ യുഡിഎഫ് 16 സീറ്റുകളിൽ ഒതുങ്ങി.
‘എ’ ക്ലാസ് നഗരസഭയായി കണ്ട് ബിജെപി നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് വഴിയൊരുക്കിയത്. പാലക്കാട് നഗരസഭയിലും ബിജെപി തങ്ങളുടെ ആധിപത്യം നിലനിർത്തിയിട്ടുണ്ട്. പാലക്കാട് 25 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ യുഡിഎഫ് 18 സീറ്റുകളും എൽഡിഎഫ് 9 സീറ്റുകളും നേടി.










