പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടാവുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡ്രോൺ പതിച്ചതിന് പിന്നാലെ വലിയ സ്ഫോടന ശബ്ദം കേട്ടതായും കിലോമീറ്ററുകളോളം ദൂരത്തിൽ തീജ്വാലകൾ ദൃശ്യമായതായും ദൃക്സാക്ഷികൾ പറഞ്ഞു. ദുബായ് സിവിൽ ഡിഫൻസ് വിഭാഗം ഉടനടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് സർവീസുകൾ തടസ്സപ്പെടുത്തിയത്. ദുബായിലേക്ക് വരേണ്ട പല വിമാനങ്ങളും അൽ മക്തൂം വിമാനത്താവളത്തിലേക്കും സമീപ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുവിട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളും ടണലുകളും പോലീസ് താൽക്കാലികമായി അടച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ച ശേഷം യുഎഇക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയത്. യുഎഇയിലെ എണ്ണ സംഭരണശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ മേഖലയിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.










