ഈസ്റ്റർ വിശുദ്ധ വാരത്തിൽ നടത്താൻ നിശ്ചയിച്ച എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ( ജെ ഇ ഇ ) മാറ്റിവക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹം പാവനമായി കരുതുന്ന പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നിവ വരുന്ന ഏപ്രിൽ 2മുതൽ 8 വരെയാണ് ജെ ഇ ഇ മെയിൻ പരീക്ഷ തീയതി ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്ന ക്രൈസ്തവ വിശ്വാസികൾ ആയ വിദ്യാർത്ഥികൾക്ക് അവരുടെ വിശ്വാസപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ തടസമുണ്ടാക്കും. ഇത് വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന സമ്മർദ്ധവും വിഷമവും ഒഴിവാക്കാൻ പരീക്ഷാതീയതി പുനർ ക്രമീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കേന്ദ്ര സർക്കാരിനോടാവിശ്യപ്പെട്ടു.
എൻജിനീയറിങ് പ്രവേശന പരീക്ഷ പുന: ക്രമീകരിക്കണമെന്ന് കെസി വേണുഗോപാൽ എംപിയും ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള ഈസ്റ്റർ വിശുദ്ധവാരത്തിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ (ജെഇഇ ) തീയതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തുനൽകി.
പെസഹ വ്യാഴം, ദുഃഖവെള്ളി , ഈസ്റ്റർ എന്നിവ വരുന്ന ഏപ്രിൽ 2 മുതൽ 8 വരെയാണ് ജെഇഇ മെയിൻ പരീക്ഷാ തിയതി ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്ന നിരവധി ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ഈ ദിവസങ്ങൾ അവരുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളിൽ അനാവശ്യമായ മാനസിക സമ്മർദ്ദവും ഉണ്ടാകും. ഇത് പരിഗണിച്ച് പരീക്ഷകൾ പുനഃക്രമീകരിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.










